ബിജെപിയുമായി ചര്‍ച്ച നടത്തിയ വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണില്‍ക്കണ്ട എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്നത് ശരിയല്ല. ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്ന ചൊല്ല് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ന് ആരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ചുകൊണ്ട് ഉറക്കമുണരുന്ന ആളുകള്‍ ചുറ്റുമുണ്ട്. അത്തരം ആളുകളുമായി കൂട്ടുകെട്ടോ ലോഹ്യമോ അതിരുകവിഞ്ഞ സ്നേഹബന്ധമോ ഉണ്ടെങ്കില്‍ ഉപേക്ഷിക്കണം. ഇ.പി.ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേയുള്ള അനുഭവമാണ്. അതുകാരണം കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നയാള്‍ അതിന് (ഇപി–ജാവഡേക്കര്‍ കൂടിക്കാഴ്ചയ്ക്ക്) സാക്ഷിയാകുന്ന നിലവന്നു. ആ മനുഷ്യനാണെങ്കില്‍ (ദല്ലാള്‍ നന്ദകുമാര്‍) ‘എങ്ങനെയാണെങ്കിലും എനിക്ക് പണം കിട്ടണം’ എന്ന ചിന്ത മാത്രമുള്ളയാളാണ്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങള്‍ നിരത്താന്‍ ഒരുമടിയുമില്ലാത്തയാളാണ്. അത്തരം ആളുകളുമായുള്ള ബന്ധമോ ലോഹ്യമോ പാടില്ല. പരിചയമൊക്കെ ഉണ്ടാകും. പക്ഷേ അതിനപ്പുറമുള്ള ഒരു നില സ്വീകരിച്ചുപോകരുതെന്നും പിണറായി കണ്ണൂരില്‍ വോട്ട് ചെയ്തശേഷം പറഞ്ഞു.

ബിജെപിയുമായി ചര്‍ച്ച നടത്തിയ വിവാദത്തില്‍ ജയരാജനെ മുഖ്യമന്ത്രി പ്രതിരോധിക്കുകയും ചെയ്തു. ‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ പലരും തെറ്റായ പ്രചാരണം അഴിച്ചുവിടും. അതിന്റെ ഭാഗമായി മാത്രമേ ജയരാജനെതിരായ ആരോപണത്തെ ജനങ്ങള്‍ കാണൂ. ഇ.പി.ജയരാജന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം വലിയ പരീക്ഷണഘട്ടങ്ങള്‍ കടന്നുവന്നതാണ്. എല്ലാ കമ്യൂണിസ്റ്റുകാരെയും ആവേശംകൊള്ളിക്കുന്നതുമാണ്’. ഇ.പിയെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഉന്നംവച്ചുള്ളതാണെന്ന് പിണറായി പറഞ്ഞു. അത്തരം ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് ജനങ്ങള്‍ മനസിലാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

ഇ.പി.ജയരാജന്‍ ഇന്നു മാധ്യമങ്ങളോടു പറഞ്ഞത്: 

 

തിരുവനന്തപുരത്തെ ആക്കുളത്തെ മകന്റെ ഫ്ലാറ്റില്‍വച്ച് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ . കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു.  ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. തന്നെ പരിചയപ്പെടാനാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? . അതു വഴി പോയപ്പോൾ കാണാൻ വന്നതാണ്. മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് താൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്ക് കൊണ്ടു വന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ കാണാൻ വന്നവരെ കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല. 

 

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബി ജെ പിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാൻ ശ്രമം നടന്നു. സുധാകരന്റെ ആർ എസ് എസ് - ബി ജെ പി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കണ്ട. നടന്നത് ആസൂത്രിത ഗൂഡാലോചനയാണ്. ഇന്നു വരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ  അടുത്ത് കണ്ടിട്ടില്ല. ശോഭ സുരേന്ദ്രനും - കെ സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ് ആരോപണത്തിന് പിന്നിൽ . ശോഭയുമായി തന്റെ മകനും ബന്ധമില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. ഡല്‍ഹിയിലേക്ക് പോയിട്ട് രണ്ടു വര്‍ഷമായി. വിവാദ ദല്ലാള്‍ നന്ദകുമാറിന് ഒപ്പം തനിക്ക് പോകേണ്ട കാര്യമില്ലെന്നും ഇ.പി മാധ്യമങ്ങളോടു പറഞ്ഞു. 

 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായുള്ള ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 4 കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത ‌പലരും എന്‍.ഡി.എയില്‍ എത്തുമെന്നും കെ.സുരേന്ദ്രന്‍ അവക‌ാശപ്പെട്ടു. 

 

CM critisized EP meeting with Prakash Javadekar