ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലിയുടെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചു. പാര്‍ട്ടി വിടില്ലെന്ന് ലവ്ലി വ്യക്തമാക്കി. ആപ് സഖ്യത്തിലെ അതൃപ്തിയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നകറ്റി നിര്‍ത്തിയതും ചൂണ്ടിക്കാട്ടിയാണ്  രാജി. പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

 

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജിയെന്ന് അരവിന്ദര്‍ സിങ് ലവ്ലി. കോണ്‍ഗ്രസിനെതിരെ വ്യാജ അഴിമതി ആരോപണങ്ങളുമായി രൂപീകരിക്കപ്പെട്ട ആപ്പുമായി സഖ്യമുണ്ടാക്കിയത് ഉള്‍ക്കൊള്ളാനായില്ലെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്ന് പിസിസി അധ്യക്ഷന്‍ രാജിക്കത്തില്‍ പറയുന്നു. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പരാതിയില്ല.

 

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് പിസിസിയെ പൂര്‍ണമായി അകറ്റി നിര്‍ത്തിയെന്ന് ആരോപിക്കുന്ന ലവ്ലി രണ്ട് സ്ഥാനാര്‍ഥികള്‍ ഡല്‍ഹിക്ക് അപരിചിതരാണെന്നും ചൂണ്ടിക്കാട്ടുന്നു. സന്ദീപ് ദീക്ഷിത്, സുഭാഷ് ചോപ്ര മുന്‍ എംഎല്‍എമാര്‍  തുടങ്ങിയവര്‍ ലവ്ലിക്ക് പിന്തുണയുമായെത്തി. സന്ദര്‍ശിക്കാനെത്തിയ മുന്‍ എംഎല്‍എ ആസിഫ് മുഹമ്മദ് ഖാനെ ലവ്ലി അനുകൂലികള്‍ തടഞ്ഞത് വാക്കേറ്റത്തിനിടയായി.

 

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് അരവിന്ദര്‍ സിങ് ലവ്ലിക്ക് കൃത്യമായി അറിയാമെന്നും രാജി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ മനോരമ ന്യൂസിനോട് പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയിൽ പ്രതിഷേധമില്ലെന്ന് കനയ്യ കുമാറും പ്രതികരിച്ചു. ലവ്ലിയുടെത് തെറ്റായ തീരുമാനമെന്നും ഡല്‍ഹിയിലെ സ്ഥാനാർത്ഥികളും സഖ്യവും തുടരുമെന്നും ദീപക് ബാബറിയ വ്യക്തമാക്കി. 

 

രാജിക്ക് പിന്നാലെ, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ കനയ്യ കുമാറിനെതിരെ ഒരുവിഭാഗം അണികള്‍ പ്രതിഷേധിച്ചു. കനയ്യ അനുകൂലികള്‍ എതിര്‍ത്തതോടെ ഏറ്റുമുട്ടലായി. 

രാജിയെക്കുറിച്ച് അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടിയുമായി സംസാരിക്കുമെന്നും കനയ്യ കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

ലവ്ലിയുടെ രാജി കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ സഖ്യത്തില്‍ പ്രശ്നങ്ങളില്ലെന്നുമാണ്  ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.  രാജ്യവിരുദ്ധരെ സ്ഥാനാര്‍ഥികളാക്കിയതാണ് ലവ്‌ലിയുടെ രാജിക്ക് കാരണമെന്ന് ബിജെപി കുറ്റപ്പെടുത്തി. 

Delhi PCC President Arvinder Singh Lovely resigned