TOPICS COVERED

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷിയും മന്ത്രിമാരും മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേജ്‍രിവാളിന്‍റെ വിശ്വസ്തന്‍ കുല്‍ദീപ് കുമാറും ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഇമ്രാന്‍ ഹുസൈനും മന്ത്രിമാരായേക്കും. പൂര്‍ണ അഴിച്ചുപണിക്ക് സാധ്യത കുറവാണ്. 

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് അഞ്ചരമാസം മാത്രം ബാക്കി നില്‍ക്കെ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെയാകും അതിഷി മന്ത്രിസഭ. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള മന്ത്രിസഭയാകും അതിഷിയുടേത്. കേജ്‍രിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തുടരാനും സാധ്യതയുണ്ട്. അതല്ല, പൂര്‍ണ അഴിച്ചുപണി വന്നാല്‍ കേജ്‍രിവാളിന്‍റെ വിശ്വസ്തന്‍ കുല്‍ദീപ് കുമാറല്ലെങ്കില്‍ കരോള്‍ ബാഗ് എംഎല്‍എ വിശേഷ് രവിക്ക് സാധ്യത.

ജാര്‍ണെയ്ല്‍ സിങ്, ദുര്‍ഗേഷ് പഥക്, സോമനാഥ് ഭാരതി, സഞ്ജീവ് ഝാ എന്നിവരെയും പരിഗണിക്കുന്നുണ്ട്. നിലവിലെ മന്ത്രിമാരായ ഗോപാല്‍ റായിയെയും കൈലാഷ് ഗെലോട്ടിനെയും സൗരഭ് ഭരദ്വാജിനെയും മാറ്റിയുള്ള മന്ത്രിസഭയ്ക്ക് സാധ്യത കുറവാണ്. 70 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴ് മന്ത്രിമാര്‍ക്ക് അധികാരമേല്‍ക്കാം. ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍. 

നിയുക്ത മുഖ്യമന്ത്രി അതിഷിക്ക് സെഡ് വിഭാഗത്തിലെ സുരക്ഷ ലഭിക്കും. കേജ്‍രിവാളിന് സെഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് ലഭിച്ചിരുന്നത്. രാജിവച്ചെങ്കിലും ഒരുമാസം കൂടി കേജ്‌രിവാളിന് സെഡ് പ്ലസ് സുരക്ഷ തുടരും. ഈമാസം 26, 27 തീയതികളിലാണ് നിയമസഭ സമ്മേളനം വിളിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Atishi Marlena will take oath as Delhi Chief Minister on Saturday.