തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റം. ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനും ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യകാറില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയര്‍ ബസ് തടഞ്ഞു. എന്നാല്‍ എം.എല്‍.എ തെറിവിളിച്ചെന്നും മേയര്‍ മോശമായി െപരുമാറിയെന്നും ഡ്രൈവര്‍ യദു പരാതിപ്പെട്ടു. മേയറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഡ്രൈവറുടെ പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെ മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും മേയറുടെ സഹോദരനും ഭാര്യയും സ്വകാര്യകാറില്‍ സഞ്ചരിക്കുകയായിരുന്നു. പട്ടത്ത് വച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഇവരുടെ കാറിനെ മറികടന്നു. പിന്നീട് കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ കയറ്റിവിട്ടില്ല. പിന്തുടര്‍ന്നെത്തിയ മേയറും സംഘവും പാളയത്ത് വച്ച് ബസ് തടഞ്ഞ് നിര്‍ത്തി. ആദ്യം സച്ചിന്‍ദേവും പിന്നാലെ ആര്യയും ഇറങ്ങിച്ചെന്ന് ഡ്രൈവറുമായി തര്‍ക്കത്തിലായി.
അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്നത് കണ്ട് നോക്കിയപ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാണ് മേയറുടെ പരാതി. പൊലീസെത്തി ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്തു. ട്രിപ്പ് മുടങ്ങി. യാത്രക്കാര്‍ പെരുവഴിയിലായി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുചുമത്തി അറസ്റ്റ് രേഖപ്പെടുത്തി രാത്രി മുഴുവന്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇരുത്തിയ ശേഷം രാവിലെ 9 മണിയോടെ ജാമ്യത്തില്‍ വിട്ടു. എന്നിട്ടും അരിശം തീരാത്ത മേയര്‍ ഗതാഗതമന്ത്രിയോടും പരാതി പറഞ്ഞതോടെ എംപാനല്‍ ഡ്രൈവറായ യദുവിന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയായി.
എന്നാല്‍ അശ്ളീല ആംഗ്യം കാട്ടിയെന്ന ആരോപണം നിഷേധിക്കുന്ന ഡ്രൈവര്‍ മേയറുടെ കാര്‍ ഇടത് വശത്തൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് പറഞ്ഞു. ബസ് തടഞ്ഞ് നിര്‍ത്തി ഇറങ്ങിവന്ന എം.എല്‍.എ തെറിവിളിച്ചെന്നും മേയര്‍ തട്ടിക്കയറിയെന്നും ആരോപിക്കുന്നു. ബസ് തടഞ്ഞിട്ട എംഎല്‍എ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചു. മേയറും മോശമായി പെരുമാറി. മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടെയായിരുന്നു. ഇത് മൊബൈലില്‍ ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചെന്നും ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞു.
എം.എല്‍.ഐ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. മേയറുടെ പരാതിയില്‍ നിമിഷനേരം കൊണ്ട് നടപടിയെടുത്ത പൊലീസ് ഡ്രൈവറുടെ പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ല
Road rage incident involving Mayor Arya Rajendran and KSRTC driver