കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലെ നടുറോഡില്‍ നിര്‍മാണത്തിലിരുന്ന സിപിഎമ്മിന്‍റെ സമരപ്പന്തലിലേക്ക് കെഎസ്ആര്‍ടിസി ബസ് കയറി അപകടം. പന്തലിന് മുകളില്‍നിന്ന് വീണ്, നിര്‍മാണ തൊഴിലാളിയായ അസം സ്വദേശി ഹസന് പരുക്കേറ്റു. മറ്റു മൂന്ന് തൊഴിലാളികളും നിലത്ത് വീണെങ്കിലും പരുക്കേറ്റില്ല. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ നടത്തിയ നിര്‍മാണത്തിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സ്ഥിരമായി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡിന്‍റെ ഡിവൈഡര്‍ വരെയുള്ള ഭാഗം പൂര്‍ണമായും പന്തല്‍ കെട്ടുകയായിരുന്നു. ഇതിനിടെ പന്തലിനടിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ആരും തടഞ്ഞില്ല. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നില്ല. യാത്രക്കാരെ കയറ്റാനെത്തിയ കെഎസ്ആര്‍ടിസി ബസ് പന്തലിനടിയിലേക്ക് കയറിയപ്പോള്‍ മുകളിലെ ലഗേജ് ക്യാരേജ് പന്തല്‍കമ്പികളില്‍ ഇടിച്ചു. മുകളില്‍ ഷീറ്റിട്ടുകൊണ്ടിരുന്ന നാല് പേരും താഴെ വീണു.. ഹസന്‍ റോഡിലേക്കും മറ്റു മൂന്ന് പേര്‍ ഡിവൈഡറിലെ പുല്‍തകിടിയിലേക്കുമാണ് വീണത്.
റോഡ് കൈയ്യേറിയതോടെ വാഹന ഗതാഗതം താറുമാറായി. എതിര്‍ദിശയിലേക്ക് കയറിയാണ് ഒടുവില്‍ വാഹനങ്ങള്‍ കടന്നുപോയത്. സംഭവം വിവാദമായതോടെ, റോഡ് കൈയ്യേറിയുള്ള പന്തല്‍ നിര്‍മാണത്തിന് അനുമതി കൊടുത്തിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ആരും അനുമതി തേടി വന്നിട്ടില്ലെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ അനധികൃത പന്തല്‍നിര്‍മാണത്തില്‍ സിപിഎം ഒന്നും വിശദീകരിച്ചിട്ടില്ല. വയനാട് മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്ക്കെതിരെയാണ് നാളെ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്