heat-kerala

പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടും. പകല്‍സമയത്തെ തൊഴില്‍ നിയന്ത്രണം മേയ് 15 വരെ നീട്ടി. കള്ളക്കടൽ പ്രതിഭാസത്തിന്റെ സാധ്യതയുളളതിനാല്‍  കേരള - തമിഴ്നാട് തീരങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ് നല്‍കി. 

കേരളം ചുട്ടുപൊളളുകയാണ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ വ്യാഴാഴ്ച വരെ അഡീഷനൽ ക്ലാസുകളോ സമ്മർ ക്ലാസുകളോ പാടില്ലെന്ന് കലക്ടര്‍ ഉത്തരവിട്ടു. ചൂട് തുടരുകയാണെങ്കിൽ അവധിയുടെ കാലാവധി നീട്ടും. 

 

40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുളള കൊല്ലം, തൃശൂർ ജില്ലകളിൽ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പകല്‍ സമയത്ത് തുറസായ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ജോലി നിയന്ത്രണം മേയ് 15 വരെ നീട്ടി. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു മണിവരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടാല്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്കി. സൂര്യാഘാത സാധ്യതയെപ്പറ്റി ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്കി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിര ഉയരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് വിലക്കില്ല. 

Heat wave; palakkad district announce holiday