സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കാസര്‍കോട്, പാലക്കാട്, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. കുറഞ്ഞസമയംകൊണ്ട് വലിയ അളവില്‍ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലാശങ്ങളില്‍ ഇറങ്ങുന്നതും കടല്‍ത്തീര വിനോദ സഞ്ചാരവും വിലക്കി. തിരുവനന്തപുരം കോവളം തീരത്ത് ശക്തമായ തിരയടിയുളളതിനാല്‍ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കി. നാലാം തീയതിവരെ മഴ തുടരും. അന്നുവരെ കേരള തീരത്തും അഞ്ചാം തീയതി വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടണം. Also Read: അതിതീവ്ര മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി...
അതേസമയം, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി, പ്രഫഷനല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
പത്തനംതിട്ട ജില്ലയിൽ ഇന്നലെ സന്ധ്യക്ക് ശേഷം മഴ മാറിനിന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലും, വനമേഖലയിലും രാത്രി കാര്യമായ മഴ പെയ്തില്ല. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പകൽ പെയ്ത ശക്തമായ മഴയിൽ തിരുവല്ല ഭാഗത്ത് ചില റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാവിലെയോടെ വെള്ളം ഇറങ്ങി. അണക്കെട്ടുകളിലും മറ്റ് മുന്നറിയിപ്പുകൾ ഇല്ല.
കോട്ടയം നഗരഭാഗത്ത് ഒരു മണിക്കൂറിൽ അധികമായി ശക്തമായ ഇടവിട്ട മഴ. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നു. പാലായിലും കാഞ്ഞിരപ്പള്ളിയിലും മറ്റു കിഴക്കൻ ഭാഗങ്ങളിലും പുലർച്ചെ മുതൽ മഴ മാറി നിൽക്കുകയാണ്. കൂവപ്പള്ളിയിൽ ഇന്നലെ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡിൽ അടക്കം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡ്, പോസ്‌റ്റ് ഓഫിസ് ജംക്‌ഷൻ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറി. പേരൂർ കവലയിലും പോസ്റ്റ‌് ഓഫിസ് ജംക്ഷനിലും രണ്ടടിക്ക് മുകളില്‍ വെള്ളം ഉയര്‍ന്നു. ഈരാറ്റുപേട്ട– വാഗമണ്‍ റൂട്ടില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.