• തട്ടിപ്പ് പലചരക്ക് കച്ചവടത്തിന്‍റെ മറവില്‍
  • കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ തീരുമാനം ഉടന്‍
  • കണ്ടുകെട്ടുന്ന സ്വത്ത് വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യും

കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തൃശൂര്‍ ജില്ലാ ഭരണകൂടം. പലചരക്ക് കച്ചവടത്തിന്‍റെ മറവില്‍ ജനങ്ങളെ വഞ്ചിച്ച് ഹൈറിച്ച് ഗ്രൂപ്പ് നടത്തിയത് അനധികൃത മണിചെയിന്‍ ഇടപാടെന്നും കോടതി കണ്ടെത്തി. രാജ്യവ്യാപക വേരുകളുള്ള ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ തീരുമാനവും ഉടനുണ്ടാകും.  

 

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത ജില്ലാ കലക്ടറുടെ നടപടി തൃശൂര്‍ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ശരിവെച്ചത്. 'ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി' നടത്തിയത് ഗുരുതരമായ നിയമലംഘനമെന്ന് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. പലചരക്ക് വിപണനമെന്ന വ്യാജേനയാണ് പൊതുജനങ്ങളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ നടന്നത് അനധികൃത പണമിടപാട് പദ്ധതിയാണെന്ന ജില്ലാ കലക്ടറുടെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. ഉയര്‍ന്ന കമ്മിഷനടക്കം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഹൈറിച്ച് ഉടമകള്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. മണിചെയിന്‍ ഇടപാടുകളല്ല പലചരക്ക് കച്ചവടമാണ് നടത്തുന്നതെന്നായിരുന്നു ഹൈറിച്ചിന്‍റെ പ്രധാന വാദം.  അംഗങ്ങള്‍ നിക്ഷേപിച്ച പണം പചലരക്ക് ഉല്‍പനങ്ങള്‍ വാങ്ങാനുള്ള അഡ്വാന്‍സാണെന്ന വാദവും കോടതി തള്ളി. നിലവില്‍ ഹാജരാക്കിയ രേഖകള്‍ ഈ വാദത്തെ സാധൂകരിക്കുന്നതല്ലെന്നും കോടതി കണ്ടെത്തി. 

 

കേരളത്തിൽ ബഡ്‌സ് ആക്ട് അനുസരിച്ച് സ്വത്ത്‌ കണ്ടുകെട്ടിയ നടപടി സ്ഥിരപെടുത്തിയ ആദ്യ കേസാണിത്. കണ്ടുക്കെട്ടിയ 200 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ഉടമകളുടെ ആവശ്യവും കോടതി തള്ളി. തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത്  കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മണിചെയിന്‍ മാതൃകയില്‍ മാത്രം ഒന്നരകോടി അംഗങ്ങളില്‍ നിന്നായി 750 കോടിയിലേറെ രൂപയാണ ഹൈറിച്ച് സമാഹരിച്ചത്. ഒടിടി ക്രിപ്റ്റോ കറന്‍സി ഇടപാടുകളടക്കം പരിശോധിക്കുമ്പോള്‍ ഹൈറിച്ച് സമാഹരിച്ചത് 3100 കോടിയിലേറെ രൂപ. ആകെ 3100 കോടിയിലേറെ രൂപയാണ് ഹൈറിച്ച് സമാഹരിച്ചത്. 

 

Court directed to attach 200cr worth assests of High rich gorup, Thrissur