ബിജെപി സ്ഥാനാർത്ഥിക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) അഞ്ച് തവണ വോട്ട് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു. അസമിലെ കരിംഗഞ്ച് ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. 

 

പോളിംഗ് ബൂത്തിലേക്ക് ആരും മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയാണ്. ഈ ചുമതല കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്ന് കടുത്ത അശ്രദ്ധയ്ക്കും കൃത്യവിലോപത്തിനുമാണ് പ്രിസൈഡിംഗ് ഓഫീസർ നസ്രുൾ ഹഖ് തപദാറിനെ ഡിഇഒ സസ്‌പെൻഡ് ചെയ്തത്. 

 

മണ്ഡലത്തിൽ ഏപ്രിൽ 26 ന്  വോട്ടെടുപ്പിന് മുമ്പുള്ള മോക്ക് പോളിങ്ങിന്‍റെ സമയത്ത് റെക്കോർഡുചെയ്‌ത വീഡിയോ ആണിതെന്നാണ് ഡിഇഒ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൾ ഹമീദിന്‍റെ പോളിംഗ് ഏജന്‍റായ അബ്ദുൾ സാഹിദ് ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ കൃപാനാഥ് മല്ലയ്ക്ക് വേണ്ടി തുടർച്ചയായി അഞ്ച് തവണ ബട്ടൺ അമർത്തുന്നത് കാണാം. മോക്ക് പോൾ സമയത്ത് വോട്ടുകൾ രേഖപ്പെടുത്താൻ പോളിംഗ് ഏജന്‍റുമാർക്ക് അനുവാദമുണ്ട്. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഡിഇഒയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 

 

Presiding officer suspended in Assam after viral video of 5 votes to BJP candidate during mock poll