ആം ആദ്മി എം.എല്‍.എ മൊഹീന്ദർ ഗോയലിനെ വ്യാജ ആധാര്‍ കാര്‍ഡ് കേസില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ അറസ്റ്റിലായ ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്ത വ്യാജ രേഖകളില്‍ ഗോയലിന്റെ ഒപ്പും സീലും കണ്ടെത്തിയെന്നാണ് പൊലീസ് വാദം. ഇതാണ് ബി.ജെ.പിയുടെ പുതിയ പ്രചാരണായുധം. 'അനധികൃത കുടിയേറ്റക്കാര്‍ AAP സഹായത്തോടെ ഡൽഹിയുടെയും രാജ്യത്തിന്റെയും അവകാശങ്ങൾ കയ്യേറുന്നു'-സ്മൃതി ഇറാനി, ബി.ജെ.പി
ഹാജരാകത്തതിനെത്തുടര്‍ന്ന് പൊലീസ് ഇന്ന് വീണ്ടും മൊഹീന്ദറിന് നോട്ടീസ് നല്‍കി. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് ആം ആദ്മിയുടെ മറുപടി. ഡല്‍ഹിയിലെ ചേരി നിവാസികളുമായി സംവദിച്ച് ആം ആദ്മിയെ വിമര്‍ശിച്ച അമിത് ഷായ്ക്ക് മറുപടിയുമായി അരവിന്ദ് കേജ്രിവാള്‍ ഇന്ന് ശക്കർപൂർ ബസ്തി ചേരിയിൽ നേരിട്ടെത്തി. ചേരി പ്രദേശങ്ങള്‍ വ്യവസായികൾക്ക് നൽകാൻ ശ്രമിക്കുന്നവരാണ് ബി.ജെ.പിയെന്ന് ആരോപിച്ചു.
ഡല്‍ഹിയിലെ റോഡുകളില്‍ കുഴികളെന്ന് ബി.ജെ.പി വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആം ആദ്മി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കേജ്രിവാള്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി നേതാവ് രമേഷ് ബിദുഡി പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയ്ക്കും അതിഷിയ്ക്കുമെതിരെ വിവാദ പ്രസ്താവനകള്‍ നടത്തിയ ബിദുഡിയെ BJP മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു കേജ്രിവാളിന്‍റെ വാദം.
സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന ആം ആദ്മിയോട് മല്‍സരിക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതിയ പ്രഖ്യാപനവും ഇന്നുണ്ടായി. അധികാരത്തിലെത്തിയാൽ തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ നൽകുമെന്നാണ് വാഗ്ദാനം.