ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് കർണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപൂർ. പ്രജ്വല്‍ ശ്രീകൃഷ്ണന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് രാമപ്പ പറഞ്ഞത്. വിജയപുരിയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.
'പെന്‍ഡ്രൈവ് പ്രശ്നം പോലെയൊന്ന് ഇതിന് മുന്‍പ് രാജ്യത്ത് സംഭവിച്ചിട്ടില്ല. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കാമെന്നായിരിക്കും പ്രജ്വല്‍ കരുതിയത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അനേകം സ്ത്രീകള്‍ക്കൊപ്പം ഭക്തിപൂര്‍വം കഴിഞ്ഞിട്ടുണ്ട്, പക്ഷേ പ്രജ്വല്‍ ചെയ്തത് അത്തരത്തിലല്ല. ഈ റെക്കോര്‍ഡ് മറികടക്കാനാണ് പ്രജ്വലിന്‍റെ ശ്രമം' എന്നാണ് രാമപ്പ പറഞ്ഞത്.
രാമപ്പയുടെ പ്രസംഗം വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പലരും മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. അതേസമയം, കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന പൊതു റാലിയിൽ രേവണ്ണയെ രാജ്യം വിടാൻ അനുവദിച്ചത് സിദ്ധരാമയ്യ സർക്കാരാണെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ആരോപിച്ചു.
'ഇപ്പോൾ ഞങ്ങൾക്ക് ജെഡിഎസുമായി സഖ്യമുണ്ട്, ജെ.ഡി.എസ് നേതാവായ രേവണ്ണക്കെതിരെ ഇപ്പോള്‍ ഒരു കേസ് വന്നിട്ടുണ്ട്. ഇതില്‍ ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കൊപ്പം ബിജെപി ഒരിക്കലും നിൽക്കില്ല എന്നാണ്'.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേൾക്കൂ, നിങ്ങളുടേത് കോൺഗ്രസ് സർക്കാരാണ്, നടപടിയെടുക്കേണ്ടിയിരുന്നത് നിങ്ങളാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിങ്ങൾ ഒരു നടപടിയും എടുത്തില്ല, നിങ്ങൾ അവനെ രക്ഷപ്പെടാൻ അനുവദിച്ചു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ സത്യം പറയൂ, നിങ്ങൾ കാരണം ക്രൂരമായ കുറ്റകൃത്യം ചെയ്ത ഒരാൾ രക്ഷപ്പെട്ടു. ജെഡിഎസ് ഞങ്ങളുടെ സഖ്യകക്ഷിയാണെങ്കിലും, ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷ നൽകണം' എന്നാണ് അമിത് ഷാ പറഞ്ഞത്.
പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് .ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നല്‍കിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു എസ്.ഐ.ടി. നടപടി. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി ഹാസനിലെത്തി ഇരകളെ കാണാന്‍ തയാറാവണമെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.െക ശിവകുമാര്‍ ആവശ്യപ്പെട്ടു. പ്രജ്വലിനെ ഭഗവാന്‍ കൃഷ്ണനോടു ഉപമിച്ച മന്ത്രി R.B.തിമ്മാപ്പൂരിന്‍റെ.. വാക്കുകള്‍ വിവാദമായി.
24 മണിക്കൂറിനകം ചോദ്യം ചെയ്യലിനു ഹാജരാകണമന്നു കാണിച്ച് തിങ്കളാഴ്ച വൈകീട്ടാണു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി. സംഘം പ്രജ്വലിനും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും നോട്ടീസ് നല്‍കിയത്. ഇരുവരും ഹാജരായില്ലെന്നു മാത്രമല്ല അഭിഭാഷകന്‍ മുഖേനെ പ്രജ്വല്‍ ഒരാഴ്ച സമയം തേടുകയും ചെയ്തു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലേക്കും നോട്ടീസ് കൈമാറി. ഇതോടെ വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലേ, അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലോ പ്രജ്വലെത്തിയാല്‍ കസ്റ്റഡിയിലെടുത്തു കര്‍ണാടക പൊലീസിനു കൈമാറേണ്ടിവരും.
പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്കു കത്തെഴുതിയതിനു പിറകെയാണ് എസ്.ഐ.ടി നടപടി.പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നിയമ നടപടികള്‍ എസ്.ഐ.ടി.തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നുമാണ്, കത്തിലെ ആവശ്യം. അതേ സമയം കേസില്‍ രാഷ്ട്രീയ പോര് തുടരുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയെന്നു ആവര്‍ത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഹാസനിലെത്തി പ്രജ്വലിന്റെ ക്രൂരതയ്ക്കിരയായവരെയും കാണണമെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഹാസന്‍ ഹോളേനരസിപ്പുരയിലെത്തുന്ന എസ്.ഐ.ടി. സംഘം പരാതിക്കാരിയില്‍ നിന്നു വിശദമായ മൊഴിയെടുക്കും. ഇതിനകം പത്തു സ്ത്രീകളാണു പുറത്തുവന്ന ദൃശ്യങ്ങള്‍ തങ്ങളുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതാണന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
Prajwal Revanna sex tape row: Karnataka minister's low-brow remark links disgraced MP with Lord Krishna