കണ്ണൂർ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടന കേസിലെ റിമാന്‍ഡ് റിപ്പോർട്ടുകളിൽ പൊലീസിന്റെ മലക്കം മറിച്ചിലുകൾ.കേസിലെ ആദ്യ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണു പ്രതികൾ ബോംബ് നിർമിച്ചതെന്നു പറയുമ്പോൾ പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നില്ല. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും പ്രാദേശിക ഡി വൈ എഫ് ഐ ബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസിലെ റിമാന്‍ഡ് റിപോർട്ടുകളിലാണ് വൈരുദ്ധ്യം.
പാനൂർ ബോംബ് നിർമാണത്തിന്റെ ലക്ഷ്യമെന്തായിരുന്നു എന്ന ചോദ്യത്തിന് ഇതു വരെ പൊലീസ് ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. ആകെയുള്ള വിവരം പ്രതികളുടെ റിമാന്‍ഡ് റിപ്പോർട്ടിലെ പരാമർശങ്ങളാണ്, അതു വളരെ ഗൗരവകരവുമാണ്. പ്രതികളുടെ ഡി വൈ എഫ് ഐ ബന്ധത്തിന്റെ പേരിൽ സി പി എം ഏറെ പ്രതിസന്ധിയിലായ കേസിലെ റിമാന്‍ഡ് റിപ്പോർട്ടിലെ പൊലീസ് മലക്കം മറിച്ചിലുകൾ എന്താണെന്ന് നോക്കാം.കേസിലെ 3, 4, 5 പ്രതികളായ ഒ.കെ.അരുൺ, എ.പി. ഷിബിൻലാൽ, കെ.അതുൽ എന്നിവർക്കെതിരെ ഏപ്രിൽ ആറിനു സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിന്റെ നാലാം പേജിൽ ലോക്സഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളുമാണു ബോംബ് നിർമാണത്തിന്റെ ലക്ഷ്യങ്ങളെന്നു പൊലീസ് പറയുന്നു. കേസിലെ ആദ്യ റിമാൻഡ് റിപ്പോർട്ടാണിത്. ഏപ്രിൽ ഏഴിന്, കേസിലെ യഥാക്രമം 6, 7 പ്രതികളായ സി.സായൂജ്, പി.വി.അമൽബാബു എന്നിവർക്കെതിരെയും ഏപ്രിൽ എട്ടിന് എട്ടാം പ്രതി കെ.മിഥുൻലാലിനെതിരെയും നൽകിയ റിമാൻഡ് റിപ്പോർട്ടുകളുടെ നാലാം പേജിൽ ലോക്സഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളുമാണു ബോംബ് നിർമാണത്തിന്റെ ലക്ഷ്യങ്ങളെന്നു പൊലീസ് ആവർത്തിക്കുന്നുണ്ട്.
എന്നാൽ, കേസിലെ 9, 10, 11 പ്രതികളായ ടി.പി.ഷിജാൽ, കെ.സി.അക്ഷയ്, കെ.അശ്വന്ത് എന്നിവരെ റിമാൻഡ് ചെയ്യുന്നതിനായി ഏപ്രിൽ 10നു പൊലീസ് നൽകിയ റിപ്പോർട്ടിന്റെ നാലാം പേജിൽ, മനുഷ്യജീവനും വസ്തുവകകൾക്കും നാശനഷ്ടം ഉണ്ടാക്കുകയും എതിരാളികൾക്കെതിരെ പ്രയോഗിക്കുകയുമാണു ബോംബ് നിർമാണത്തിന്റെ ലക്ഷ്യമെന്നാണു പറയുന്നത്. പാനൂർ സ്റ്റേഷൻ പരിധിയിലെ കുയിമ്പിൽ ക്ഷേത്രപരിസരത്തു വച്ച് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായതാണു ബോംബ് നിർമിക്കാനുള്ള കാരണമെന്നു പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം ഈ റിപ്പോർട്ടിലില്ല. മാത്രമല്ല കേസിലെ നാലാമത്തെ റിമാൻഡ് റിപ്പോർട്ടിലാണ് കുയിമ്പിൽ ക്ഷേത്ര പരിസരത്തെ സംഘർഷം ആദ്യമായി പൊലീസ് പരാമർശിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഈ റിപ്പോർട്ടിന്റെ അവസാന ഖണ്ഡികയിൽ പറയുന്നുമുണ്ട്.
കേസിലെ 13, 14, 15 പ്രതികളായ വി.പി.രജിലേഷ്, ടി.കെ.ജിജോഷ്, കെ.കെ.ബാബു എന്നിവർക്കെതിരായ ഏപ്രിൽ 14ന്റെ റിമാൻഡ് റിപ്പോർട്ടിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ പ്രാദേശികമായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം ബോംബ് നിർമാണം നടത്തിയെന്നു പറയുന്നു. രാഷ്ട്രീയ എതിർപ്പും തിരഞ്ഞെടുപ്പും കാരണങ്ങളായി ഈ റിപ്പോർട്ടിലും പരാമർശിക്കുന്നില്ല. പന്ത്രണ്ടാം പ്രതി സി.വിനോദനെ റിമാൻഡ് ചെയ്യാനുളള ഏപ്രിൽ 19ന്റെ റിപ്പോർട്ടിലും പ്രാദേശിക സംഘർഷമാണു ബോംബ് നിർമാണത്തിലേക്കു നയിച്ചതെന്ന് ആദ്യ ഖണ്ഡികയിൽ തന്നെ പറയുന്നു. ഒരേ കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻ്റ് റിപ്പോർട്ടിലെ വൈരുദ്ധ്യമാണ് മനസിലാകാത്തത്.
Panoor Bomb blast case; police remand report