പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ടുപ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമല്‍ ബാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ഇവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇന്നലെ മൂന്നുപ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു.

ഏപ്രിൽ 5ന് പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ മരിക്കുകയും മറ്റൊരു സിപിഎം പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 3 ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.

ബോംബ് സ്ഫോടനക്കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ മലക്കംമറിഞ്ഞിരുന്നു. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല. പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്, മറ്റു 3 റിപ്പോർട്ടുകളിലും ഇതാണു ബോംബ് നിർമാണത്തിനു കാരണമെന്ന് ആരോപിക്കുന്നു.

ഏപ്രിൽ 6നു സമർപ്പിച്ച, കേസിലെ ആദ്യ റിമാൻഡ് റിപ്പോർട്ടിൽ ‘രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിര‍ഞ്ഞെ‍ടുപ്പിൽ ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തിലുമാണ് പ്രതികൾ ബോംബ് നിർമിച്ചതെന്ന്’ പറയുന്നു. പ്രതികൾക്കു ജാമ്യം അനുവദിക്കുന്നത് പ്രദേശവാസികളുടെയും എതിർ രാഷ്ട്രീയ പ്രവർത്തകരുടെയും സ്വൈരജീവിതത്തിനു തടസ്സം വരുത്താനിടയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ 7നും 8നും നൽകിയ റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പൊലീസ് ആവർത്തിക്കുന്നു.

എന്നാൽ, ഏപ്രിൽ 10നു നൽകിയ നാലാമത്തെ റിമാൻഡ് റിപ്പോർട്ടിൽ, പാനൂർ സ്റ്റേഷൻ പരിധിയിലെ കുയിമ്പിൽ ക്ഷേത്രപരിസരത്തുണ്ടായ സംഘർഷമാണു ബോംബ് നിർമിക്കാനുള്ള കാരണമെന്നു പറയുന്നു. രാഷ്ട്രീയ എതിർപ്പും തിരഞ്ഞെടുപ്പു സാഹചര്യവുമാണു ബോംബ് നിർമാണത്തിനു കാരണമെന്ന് ഈ റിപ്പോർട്ടിലില്ല. ഏപ്രിൽ 14നും 19നും നൽകിയ റിപ്പോർട്ടുകളും സമാനരീതിയിലാണ്.

ENGLISH SUMMARY:

Bail granted to two more accused in Panur bomb blast case