ഹാസന്‍ എം.പിയുടെ ലൈംഗിക പീഡനക്കേസുകളുണ്ടാക്കിയ ഭൂകമ്പത്തിനിടെ കര്‍ണാടകയിലെ 14മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ ഇത്തവണയും വേനല്‍പകര്‍ച്ചയുണ്ടാവില്ലെന്ന വിശ്വാസത്തിലാണു ബി.ജെ.പി. എന്നാല്‍ പ്രജ്വല്‍ രേവണ്ണ വിവാദവും ഗാരന്‍റി സ്കീമുകളും മുന്നേറ്റത്തിന് ഊര്‍ജം നല്‍കുമെന്നു പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.
2019 ല്‍ ബി.ജെ.പിക്കു ശരാശരി രണ്ടര ലക്ഷത്തിന്‍റെ ഭൂരിപക്ഷം നല്‍കിയ ഉത്തര കര്‍ണാടകയിലെ മണ്ഡലങ്ങളാണു വിധിയെഴുതുന്നത്. ജെ.ഡി.എസിനു പറയത്തക്ക സ്വാധീനമില്ലാത്ത മേഖലയാണെങ്കിലും അവസാന മണിക്കൂറുകളിലെ പ്രചാരണ വിഷയം പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡനക്കേസുകളായിരുന്നു. വോട്ടെടുപ്പ് ദിവസവും കേസിനെ കുറിച്ചു വിശദീകരിച്ചു കുഴയുകയാണു ബി.ജെ.പി സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും.
സ്വന്തം കോട്ടയില്‍ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും ഭാര്യ രാധാബായും രാവിലെ തന്നെ കലബുര്‍ഗിയില്‍ വോട്ട് രേഖപ്പെടുത്തി. 2019ലെ തെറ്റ് ജനം ആവര്‍ത്തിക്കില്ലെന്ന് ഖര്‍ഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ശിവമൊഗ്ഗയില്‍ മികച്ച പോളിങാണു രേഖപ്പെടുത്തുന്നത്. കര്‍ണാടക ബി.ജെ.പിയിലെ അവസാന വാക്കായ ബി.എസ്.യെഡിയൂരപ്പയുടെ മകനും സിറ്റിങ് എം.പിയുമായ ബി.വൈ രാഘവേന്ദ്രയ്ക്കെതിരെ മുന്‍ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ വിമതനായി രംഗത്തിറങ്ങിയതോടെയാണു മണ്ഡലം ശ്രദ്ധയാകര്‍ഷിച്ചത്. മുന്‍മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയും ജഗദീഷ് ഷെട്ടാറുമാണു ജനവിധി തേടുന്ന മറ്റു പ്രമുഖര്‍. ഒന്നാം ഘട്ടത്തില്‍ ദൃശ്യമായതുപോലെ സ്ത്രീ വോട്ടര്‍മാരുടെ വലിയ നിര ബൂത്തുകളില്‍ ദൃശ്യമാണ്.ഇത് ആരെ തുണയ്ക്കുമെന്നതാണ് ഏറ്റവും പ്രസക്തം.