കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോട് ജില്ലയില്‍ മാത്രം അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച രണ്ടുപേരുടെ പരിശോധനഫലം അടുത്തദിവസം ലഭിക്കും
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കോഴിക്കോട്ടെ അഞ്ചുപേരില്‍ നാലുപേരും ആശുപത്രി വിട്ടു. ഒരാള്‍ മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. രോഗലക്ഷണങ്ങളോടെ മറ്റോരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമാനലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പച്ചയാളുടെ സ്രവ സാംപിളുകള്‍ പുനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കോഴിക്കോട്ട്, കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് കേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് ആക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റ നിഗമനം. ക്യൂലക്സ് ഇനത്തില്‍പെട്ട കൊതുകളാണ് രോഗം പരത്തുന്നത്. പനി, അപസ്മാരം, ബോധക്ഷയം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.