തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമെന്ന പരാതി അവഗണിച്ച് ഡൽഹി സർവകലാശാലയില്‍ വികസിത് ഭാരത് കൂട്ടയോട്ടം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യമുയർത്തിയുള്ള പരിപാടിക്കെതിരെ കോണ്‍ഗ്രസും അധ്യാപക സംഘടനകളും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.  ഒരു വിഭാഗം വിദ്യാർഥികളുടെയും എതിർപ്പ് മറികടന്നാണ് കൂട്ടയോട്ടം നടത്തിയത്. 

സ്വതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന മോദിയുടെ മുദ്രവാക്യമുയര്‍ത്തിയാണ് വികസിത് ഭാരത് കൂട്ടയോട്ടം.  ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സിലറുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തില്‍ ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ, നടന്‍ രാജകുമാർ റാവു തുടങ്ങിയവരും പങ്കാളിയായി. വിദ്യാർഥികൾക്കും അധ്യാപകർക്കും പരിപാടി വിജയിപ്പിക്കാൻ കർശന നിർദേശം നല്‍കിയിരുന്നു.    

ബി.ജെ.പി തിരഞ്ഞടുപ്പ് റാലികളിൽ ആവർത്തിക്കുന്ന മുദ്രാവാക്യം  സർവകലാശാലകളിലും പ്രചരിപ്പിക്കാനായുള്ള പരിപാടി തടയണമെന്ന് ഡല്‍ഹി പിസിസി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.  സര്‍വകലാശാലകളെ  സംഘപരിവാർ ഉപകരണങ്ങളാക്കുന്നുവെന്ന് അധ്യാപക സംഘടനകളും കമ്മീഷനോട് പരാതിപ്പെട്ടു. ഒന്നിലും നടപടി ഉണ്ടായില്ല.  ഭാരതത്തെ വികസിത രാഷ്ട്രമാക്കാന്‍ അവബോധം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നാണ് സര്‍വകലാശാലയുടെ വാദം.

Vikas bharat rally at delhi university