അയോധ്യ ക്ഷേത്രത്തിന് കോണ്‍ഗ്രസ് ബാബറി പൂട്ടിടുമെന്ന് മോദിയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. മോദിയുടെ വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്ന് രാഹുൽ ഗാന്ധി. അയോധ്യയില്‍ സുപ്രീം കോടതി വിധി എല്ലാവരും മാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.
‘അയോധ്യയിലെ രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് ബാബറി പൂട്ട് ഇടില്ലെന്ന് ഉറപ്പാക്കാൻ എൻഡിഎയ്ക്ക് 400 സീറ്റുകൾ വേണം’– ഇതായിരുന്നു മോദിയുടെ വാദം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യ രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി തിരുത്തുമെന്ന മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം ഉദ്ധരിച്ചായിരുന്നു ചൊവ്വാഴ്ച മധ്യപ്രദേശിലെ റാലിയില്‍ മോദിയുടെ ‘ബാബറി ലോക്ക്’ പ്രയോഗം. പിതാവ്, ഷാ ബാനോ കേസിലെ സുപ്രീം കോടതി വിധി മാറ്റിയതുപോലെ ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ രാജകുമാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് മോദി ആരോപിച്ചു. കോണ്‍ഗ്രസിനെതിരെ തുടര്‍ച്ചയായുള്ള ധ്രൂവീകരണ പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടിയെത്തി. ‘വ്യാജപ്രചാരണങ്ങളിൽ വ്യതിചലിക്കാതെ ജനകീയ വിഷയങ്ങളിൽ ഉറച്ചുനിൽക്കണം, മോദി പല നാടകങ്ങളും കളിക്കും, മോദി എല്ലാം ചെയ്തത് അദാനിക്കായി– രാഹുല്‍ ആഞ്ഞടിച്ചു.
മോദി കള്ള പ്രചാരണം നടത്തുകയാണെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ‘മോദിയുടെ പ്രചാരണം കള്ളം, സുപ്രീം കോടതി തീരുമാനത്തെ എല്ലാവരും മാനിക്കുന്നു– പ്രിയങ്ക പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ഉന്നതാധികാരസമിതി രൂപീകരിച്ച് അയോധ്യ വിധി തിരുത്തുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് ആരോപിച്ചത്.