TAGS

കോഴിക്കോട് ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും രോഗിയുടെ മര്‍ദനം. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. സുസ്മിത്തിനാണ് മര്‍ദമേറ്റത്. ആശുപത്രിക്ക് പുറത്തെത്തിയപ്പോള്‍ കല്ലെടുത്ത് തലയ്ക്കടിക്കാനും ശ്രമമുണ്ടായി. രോഗി അമിതമായി മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പരാതി കോടഞ്ചേരി പൊലിസിന് കൈമാറി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് രോഗിയുടെ ഭാഗത്ത് നിന്ന്. പിന്നാലെയാണ് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അപകടത്തില്‍ പരുക്കേറ്റെത്തിയതായിരുന്നു രോഗി. മുറിവ് കെട്ടിയത് നല്ല രീതിയിലല്ലെന്ന് ‌പറഞ്ഞാണ് ബഹളം തുടങ്ങിയത്. ഡോക്ടര്‍മാര്‍ ശാന്തനാക്കാന്‍ പരാമവധി ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നാലെ ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നു. ഡോ. സുസ്മിത്ത് പുറത്തെത്തിയപ്പോള്‍ തടഞ്ഞു. കല്ലെടുത്ത് തലയ്ക്കടിക്കാന്‍ നോക്കി. ആ സമയം തള്ളിമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.  

രോഗി അമിതമായി മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍. വനിതാഡോക്ടറോടും രോഗി മോശമായി പെരുമാറിയെന്ന് ഡോ. സുസ്മിത് മനോരമ ന്യൂസിനോട് പറഞ്ഞു. മര്‍ദനത്തിന് പുറമേ ഭീഷണിയുമുണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കെജിഎംഒ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധമറിയിച്ചു.  

 

Patient attack hospital staff