കോഴിക്കോട് നഗരത്തെ നടുക്കി ആംബുലന്‍സ് അപകടത്തില്‍ പെട്ട് തീപിടിച്ച് രോഗി വെന്തുമരിച്ചു. ശസ്ത്രക്രിയക്കായി ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്ന നാദാപുരം സ്വദേശി സുലോചനയ്ക്കാണ് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. കനത്തമഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലും ട്രാന്‍സ്ഫോമറിലും ഇടിച്ചാണ് അപകടം.
നഗരത്തിലെ കല്ലുത്താന്‍കടവിന് സമീപത്തെ ചെറിയ വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയതായിരുന്നു ആംബുലന്‍സ്.. നനഞ്ഞുകിടന്ന റോഡില്‍ തെന്നി നിയന്ത്രണം നഷ്ടമായതാണെന്നാണ് നിഗമനം. വൈദ്യുതിത്തൂണിലും ട്രാന്‍സ്ഫോമറിലും ഇടിച്ച് മറിഞ്ഞ് നിമിഷനേരം കൊണ്ട് കത്തിപ്പിടിച്ചു. സുലോചന മാത്രം അകത്തുപെട്ടുപോയി. ഭര്‍ത്താവ് ചന്ദ്രനും, അയല്‍ക്കാരിയായ പ്രസീതയും ഒരു ഡോക്ടറും രണ്ട് നഴ്സുമാരും ഡ്രൈവറും പുറത്തേക്ക് തെറിച്ചുവീണെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ദൃക്സാക്ഷി പറയുന്നു
മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി തീയണച്ചാണ് സുലോചനയെ പുറത്തെടുത്തത്. മൃതദേഹം വെന്തുകരിഞ്ഞിരുന്നു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് ചന്ദ്രന്‍റെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് നിസാര പരുക്കുകളും. പരുക്കേറ്റ ഡോക്ടറും ഒരു നഴ്സും ഡ്രൈവറും ആശുപത്രി വിട്ടു. അപകടത്തെ കുറിച്ച് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി അര്‍ജുനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു. അതേസമയം,സുലോചനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഏറെ കാലമായി നൃത്താധ്യാപികയായിരുന്നു സുലോചന.
Ambulance rams into electric post, patient burnt to death