• പാറ നീക്കിയ ശേഷമേ ട്രെയിന്‍ യാത്ര പുനരാരംഭിക്കൂ
  • കേരളത്തില്‍ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
  • മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഊട്ടിയില്‍ പെരുമഴ. കനത്തമഴയില്‍ മേട്ടുപ്പാളയം മൗണ്ടന്‍ ട്രാക്കില്‍ പാറ വീണു. ഇതോടെ മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര റദ്ദാക്കി. പാറ നീക്കി അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കല്ലാര്‍ സ്റ്റേഷന് സമീപത്തായാണ് ട്രാക്കിലേക്ക് പാറ ഉരുണ്ട് വീണത്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

അതേസമയം, കേരളത്തില്‍ 12 ജില്ലകളില്‍ പരക്കെ മഴ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോടും മാത്രമാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്. പാലക്കാടും മലപ്പുറത്തും ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ സംസ്ഥാനത്തെ തീര പ്രദേശത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Ooty Rain:

heavy rain in Ooty, mountain trains cancelled