കടുത്ത ചൂടിനിടെ തലസ്ഥാനത്ത് ആശ്വാസമായി മഴ. എന്നാല്‍ മഴ കനത്തതോടെ ആശ്വാസം ഒടുവില്‍ ദുരിതമായി. ഇടിമിന്നലോട് കൂടിയ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരമിരിക്കുന്ന ആശാ വർക്കർമാരും കനത്ത മഴയിൽ മുങ്ങി.
ചൂടത്ത് ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ തലസ്ഥാനത്ത് മഴ ആരംഭിച്ചത്. മഴ കനത്തതോടെ ആശ്വാസം ഒടുവിൽ ദുരിതമായി. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. തമ്പാനൂരിലും കിഴക്കേകോട്ടയിലും പൊറ്റക്കുഴി റോഡിലും അടക്കം നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരമിരിക്കുന്ന ആശാ വർക്കർമാരും കനത്ത മഴയിൽ മുങ്ങി. പെരുമഴയിലും തളരാത്ത സമരവീര്യം അവിടെ കാണാനായി. മഴ ചൂടിന് ആശ്വാസമായെങ്കിലും ഇടിയും മിന്നലുമൊക്കെയായി ആകെപ്പാടെ ജക പോക. വിഴിഞ്ഞം അംബേദ്കർ പാലറവിളയിൽ ഇടി മിന്നലേറ്റ് തെങ്ങ് തീ പിടിച്ചു.
ശക്തമായ കാറ്റിൽ ദേശീയ പാതയിൽ കഴക്കൂട്ടത്ത് മരം ഒടിഞ്ഞു വീണെങ്കിലും ഗതാഗത തടസമുണ്ടായില്ല. കാറ്റോട് കൂടിയ മഴ ശക്തമായതിനാൽ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകി.