കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കും. സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്‍റിനുള്ളിലാകും. രാജ്യത്തിന്റെ ഭരണാധികാരി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വര്‍ഗീയത ചിന്തുന്ന വാക്കുകളാണിത്. മതമാണ്, മതം തന്നെയാണ് ബിജെപിയുടെ പ്രധാന രാഷ്ട്രീയ ആസ്തിയെന്നത് രഹസ്യമൊന്നുമല്ല. എന്നാല്‍ പ്രധാനമന്ത്രിപദം കയ്യാളുന്ന നേതാവ് ഇങ്ങനെ പച്ചയായി വിദ്വേഷം പ്രസംഗിക്കുമ്പോള്‍ ആശ്ചര്യം മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള കടുത്ത ആധിയും രൂപപ്പെടും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഒട്ടേറെത്തവണ പ്രധാനമന്ത്രിയുടെ നാവില്‍ നിന്ന് മുസ്‍ലിംകള്‍ക്കെതിരായ വാക്കുകള്‍ കേട്ടു. അതില്‍ ഒടുവിലത്തേതാണ് ആദ്യം സൂചിപ്പിച്ചത്. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കു’മെന്ന്. സമാജ്​വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും പഴയ ടെന്‍റിനുള്ളിലാകും, രാമക്ഷേത്രം തച്ചുടയ്ക്കും. ഒപ്പം കോണ്‍ഗ്രസിന് ഒരു ഉപദേശവും. ബുള്‍ഡോസര്‍ എവിടെ കയറ്റണമെന്ന് യോഗി ആദിത്യനാഥില്‍ നിന്ന് പഠിക്കണമെന്ന്. മറുവശത്ത് നില്‍ക്കുന്നവരുടെ മതം നോക്കി ബുള്‍ഡോസര്‍ ഇറക്കുന്ന രീതിയാണോ ഉദ്ദേശിച്ചതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അല്‍ഭുതമില്ല.

രാമജന്മഭൂമി പ്രസ്ഥാനമാണ് ബിജെപിയെ ഇന്നത്തെ ബിജെപി ആക്കിയതും അധികാരം നേടിക്കൊടുത്തതും. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ ലക്ഷ്യവും വാഗ്ദാനവും യാഥാര്‍ഥ്യമായി. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഏറ്റവും വലിയ നേട്ടമായി രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടാമെന്നാണ് ബിജെപി കരുതിയതും ശ്രമിച്ചതും. എന്നാല്‍ ക്ഷേത്രം എന്ന സ്വപ്നം സഫലമായതോടെ അത് മുന്‍പത്തേതുപോലെ തീവ്രമായ ഒരു വൈകാരികവിഷയം അല്ലാതായി. പ്രചാരണത്തിനിറങ്ങിയപ്പോഴാണ് ഈ യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞത്. അതോടെ വിലക്കയറ്റം ഉള്‍പ്പെടെയുള്ള യഥാര്‍ഥ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് കളത്തിലേക്കെത്തുന്നതും വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കാന്‍ തുടങ്ങിയതും പ്രതിപക്ഷത്തെ പ്രാദേശിക ശക്തികള്‍ പൂര്‍വാധികം കരുത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും കണ്ടു.

വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരണത്തിന് മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പിന്റെ ഫോക്കസ് അതിലാകുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വീണ്ടും മതവും പച്ചയായ വര്‍ഗീയതയും പറയാന്‍ തുനിഞ്ഞത്. കോണ്‍ഗ്രസ് ക്ഷേത്രം തകര്‍ക്കും, ഹിന്ദുക്കളുടെ സ്വത്തും സ്ത്രീകളുടെ കെട്ടുതാലിയും വരെ മുസ്‍ലിംകള്‍ക്ക് വിതരണം ചെയ്യും തുടങ്ങിയ പരാമര്‍ശങ്ങള്‍ അതില്‍ ചിലതുമാത്രം. നുഴഞ്ഞുകയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ തുടങ്ങിയ പരാമര്‍ശങ്ങളും പ്രധാനമന്ത്രിയുടെ നാവില്‍ നിന്ന് കേട്ടു. ഉദ്ദേശിച്ചത് ആരെയെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും പ്രയാസമില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയെക്കുറിച്ചടക്കം വസ്തുകളുടെ പിന്‍ബലമില്ലാത്ത ഒട്ടേറെക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ന്നുവന്നു.

സീതാദേവിയുടെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുമെന്നാണ് അമിത് ഷായുടെ ഏറ്റവും പുതിയ പ്രഖ്യാപനം. രാമക്ഷേത്രത്തോട് അകലം പാലിക്കുന്നവര്‍ക്ക് ഇത് ചെയ്യാനാവില്ലെന്ന് സീതാഗഢിലെ പ്രചാരണത്തിനിടെ ഷാ അവകാശപ്പെട്ടു. ബിജെപിക്ക് വോട്ടുബാങ്കിനെ ഭയമില്ല. സീതാ ദേവിയുടെ ജീവിതത്തോട് ചേർന്ന് നിൽക്കും വിധം ഉത്തമമായി ആർക്കെങ്കിലും ക്ഷേത്രം പണിയാനാവുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമായിരിക്കും. അങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. 

ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും കോണ്‍ഗ്രസ് വെവ്വേറെ ബജറ്റുണ്ടാക്കാന്‍ ശ്രമിച്ചെന്ന മഹാരാഷ്ട്രയിലെ പരാമര്‍ശം നരേന്ദ്രമോദി യുപിയിലും ആവര്‍ത്തിച്ചു. ബജറ്റിന്റെ 15% മുസ്‌ലിംകള്‍ക്കായി നീക്കിവെക്കും. എസ്.ഇ, എസ്.ടി സംവരണം എടുത്തുകളഞ്ഞ് മുസ്‌ലിംകള്‍ക്ക് മാത്രം സംവരണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണ്ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റ രാത്രികൊണ്ട് മുസ്‍ലിംകളെ ഒബിസി പട്ടികയില്‍ ചേര്‍ത്തെന്ന വാദവും മോദി ഉയര്‍ത്തി. ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിനെപ്പോലും മതവുമായി കൂട്ടിക്കുഴച്ച മോദി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ ശരീഅത്ത് നടപ്പാക്കുമെന്നുവരെ പറഞ്ഞുവച്ചു.

കശ്മീരിന് വീണ്ടും പ്രത്യേകപദവി നല്‍കാതിരിക്കാനും അയോധ്യ ക്ഷേത്രത്തിന് ബാബറി പൂട്ടിടാതിരിക്കാനും ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് മറ്റൊരിടത്ത് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോണ്‍ഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു, കോണ്‍ഗ്രസിന്റെ രാജകുമാരനെ പ്രധാനമന്ത്രിയാക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞുശ്രമിക്കുന്നു, ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് എന്നിങ്ങനെ പോകുന്നു മോദിയുടെ മറ്റ് ആശങ്കകള്‍.

മതവും മുസ്‍ലിം വിരുദ്ധതയും വര്‍ഗീയതയും നിറച്ചുള്ള പ്രസ്താവനകള്‍ ആശിച്ചതുപോലെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന തോന്നല്‍ ബിജെപിക്കുണ്ട്. ഈ ലൈന്‍ സ്വീകരിച്ചതോടെ അതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്ന വികസനം, സാമ്പത്തിക വളര്‍ച്ച, വിദേശത്തെ അംഗീകാരം തുടങ്ങിയ തുരുപ്പുചീട്ടുകള്‍ പിന്നാമ്പുറത്തായി.  സര്‍ക്കാരിന്റെയും മോദിയുടെയും പ്രതിച്ഛായ ഉയര്‍ത്തിയത് ഇവയൊക്കെയായിരുന്നു എന്ന കാര്യം തിരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ അവര്‍ മറന്നു. കാര്യങ്ങള്‍ കൈവിട്ടെന്ന് തോന്നിയതോടെ താന്‍ മുസ്‍ലിം വിരുദ്ധനല്ലെന്നും ഹിന്ദു–മു‍സ്‍ലിം രാഷ്ട്രീയം കളിച്ചാല്‍ പൊതുരംഗത്ത് തുടരാന്‍ അര്‍ഹനല്ല എന്നൊക്കെ മാറ്റിപ്പറയാനും പ്രധാനമന്ത്രി തയാറായി.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123–ാം വകുപ്പില്‍ പറയുന്ന തിരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ പട്ടികയില്‍ മൂന്നാമത്തെ ഉപവകുപ്പ് പറയുന്നത് ഇങ്ങനെയാണ്. ഒരു സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ ഏജന്റോ സ്ഥാനാര്‍ഥിയുടെ അംഗീകാരത്തോടെ മറ്റൊരാളോ മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നോ വോട്ട് ചെയ്യരുതെന്നോ പറയുന്നത് തിരഞ്ഞെടുപ്പ് ക്രമക്കേടാണ്. മതചിഹ്നങ്ങളോ ദേശീയ ചിഹ്നങ്ങളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. മൂന്ന് എ ഉപവകുപ്പില്‍ ഇങ്ങനെ കൂടി പറയുന്നു. മതത്തിന്റെയോ വര്‍ഗത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ സ്പര്‍ധയോ വിദ്വേഷമോ വളര്‍ത്തുംവിധം പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് ക്രമക്കേടാണ്.

പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷ കക്ഷികളും മറ്റുകക്ഷികളും പല വട്ടം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികള്‍ നല്‍കിയിട്ടുണ്ട്. ദിവസങ്ങളും ആഴ്ചകളും ആയിട്ടും തീരുമാനമോ പ്രതികരണമോ ഉണ്ടായിട്ടില്ല. വരാം, വരാതിരിക്കാം...സാഹചര്യം പോലെ.