താൻ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) അംഗമായിരുന്നുവെന്ന് വിരമിച്ച കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ ആര്‍എസ്എസിലേക്ക് മടങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന യാത്രയയപ്പിൽ സംസാരിക്കവെയാണ് ദാസിന്‍റെ പരാമര്‍ശങ്ങള്‍.
കുട്ടിക്കാലം മുതലേ താൻ ആര്എസ്എസിലുണ്ടെന്നും സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ദാസ് പറഞ്ഞു. ധൈര്യവും നേരുമുണ്ടാവാനും രാജ്യസ്‌നേഹവും ജോലിയോടുള്ള പ്രതിബദ്ധതയും വളര്‍ത്താനും സംഘടനയില്‍ നിന്നും ഞാൻ പഠിച്ചു. ഏറ്റെടുത്ത ജോലിയുടെ പേരിൽ 37 വർഷത്തോളം സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. ഒരിക്കലും സംഘടനയിലെ അംഗത്വം എന്‍റെ കരിയറിന്‍റെ ഒരു പുരോഗതിക്കും ഉപയോഗിച്ചിട്ടില്ല, കാരണം അത് ആര്‍എസ്എസിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണക്കാരനായാലും പാവപ്പെട്ടവനായാലും, കമ്മ്യൂണിസ്റ്റായാലും, ബി.ജെ.പിക്കാരനായാലും കോൺഗ്രസുകാരനോ തൃണമൂൽ കോൺഗ്രസുകാരനോ ആയിരുന്നാലും എല്ലാവരോടും തുല്യമായാണ് പെരുമാറിയത്. വ്യക്തികളോടോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ സിദ്ധാന്തങ്ങളോടോ ഒരു പക്ഷപാതവും കാണിച്ചിരുന്നില്ല. സഹാനുഭൂതിയുടെ തത്വത്തില്‍ അധിഷ്ഠിതമായി നീതി നടപ്പാക്കാനാണ് ശ്രമിച്ചത്. നീതിക്ക് മുന്നില്‍ നിയമത്തിന് മുട്ടുമടക്കാം, എന്നാല്‍ നിയമത്തിന് അനുസൃതമായി നീതിക്ക് മുട്ടുമടക്കാനാവില്ല.
എന്തെങ്കിലും സഹായത്തിനായി വിളിച്ചാല്‍ സംഘടനയിലേക്ക് മടങ്ങാന്‍ തയ്യാറാണ്. കാരണം ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല, സംഘടനയിൽ അംഗമാണെന്ന് പറയാൻ ധൈര്യമുണ്ട്, അതൊരു തെറ്റല്ല. ഞാന്‍ നല്ലൊരു വ്യക്തിയാണെങ്കില്‍ ഒരിക്കലും ഒരു മോശം സംഘടനയില്‍ അംഗമായിരിക്കാനാവില്ല,- ദാസ് പറഞ്ഞു.
1962-ൽ ഒഡീഷയിലെ സോനെപൂരിൽ ജനിച്ച ദാഷ്, ഉള്ളുണ്ടയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ധേൻകനലിലും ഭുവനേശ്വറിലും ഉപരിപഠനം പൂർത്തിയാക്കി. 1985-ൽ കട്ടക്കിൽ നിന്ന് നിയമബിരുദം നേടി. 1986-ൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും 1992-ൽ സംസ്ഥാന സർക്കാരിൻ്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി നിയമിക്കുകയും ചെയ്തു. അത് 1994 വരെ കൗൺസലായി തുടർന്നു. 1999 ഫെബ്രുവരിയിൽ അദ്ദേഹം ഒറീസ സുപ്പീരിയർ ജുഡീഷ്യൽ സർവീസിൽ (സീനിയർ ബ്രാഞ്ച്) നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റായി ചേർന്നു. 2009 ഒക്ടോബറിൽ ഒറീസ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി. 2022 ജൂൺ 20-നാണ് ദാസ് കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിതനാവുന്നത്.