വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുരന്തം വിതച്ച് റിമാല്‍ ചുഴലിക്കാറ്റ്. മിസോറാമില്‍ കനത്ത മഴയില്‍ പാറമട തകര്‍ന്ന് പത്തുപേര്‍ കൊല്ലപ്പെട്ടു, ഒട്ടേറെപ്പേര്‍ മണ്ണിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി.  ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗവും തുടരുകയാണ്.

റെമാല്‍ ദുര്‍ബലമായെങ്കിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ദുരന്തമുഖത്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇന്നലെത്തുടങ്ങിയ അതിശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല.  മിസോറാമിലെ എൈസ്വാളില്‍ കനത്ത മഴയില്‍ പാറമട തകര്‍ന്ന് പത്തുപേര്‍ക്ക് ദാരുണാന്ത്യം.  മണ്ണിനും പാറകള്‍ക്കുമിടയില്‍ എത്രപേരുണ്ടെന്ന് കൃത്യമായ വിവരമില്ല, തിരച്ചില്‍ തുടരുകയാണ്. 

മുഖ്യമന്ത്രി ലാല്‍ദുഹോമ ദുരിതാശ്വാസത്തിനായി 15 കോടി രൂപ അനുവദിച്ചു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വീതം  നല്‍കും. ബംഗാളില്‍ ഇന്നലെ തുടങ്ങിയ കാറ്റിലും മഴയിലും ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി. 15,000 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക കണക്ക്. ഒരു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അസമില്‍ ഒരു മരണം, 17 പേര്‍ക്ക് പരുക്കേറ്റു. ബംഗ്ലാദേശില്‍ 16 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍റ്, മണിപ്പൂര്‍, തൃപുര സംസ്ഥാനങ്ങളിലും അതിശക്തമായ മഴയും കാറ്റുമുണ്ട്.  നദികളില്‍ ജലനിരപ്പുയര്‍ന്നതോടെ തീരങ്ങളില്‍നിന്ന് ആയിരകണക്കിനുപേരെ ഒഴിപ്പിച്ചു. ഒട്ടേറെ പ്രധാനപാതകള്‍ തകര്‍ന്നു. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ടും അവധിയും പ്രഖ്യാപിച്ചു.

നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് ജമ്മുകശ്മീരിലെ ചെനാബ് നദിയിലെ സലാല്‍ അണക്കെട്ട് തുറന്നു.  റെമാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി ഇപ്പോള്‍ ബംഗ്ലാദേശിന് വടക്കുകിഴക്കന്‍ മേഖലയിലാണ്. എങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരും.  അതേസമയം ഉഷ്ണ തരംഗത്തില്‍ വലയുകയാണ് ഉത്തരേന്ത്യ. 

ENGLISH SUMMARY:

Cyclone Remal wreaks havoc in North Eastern states