kapadia

TOPICS COVERED

ചര്‍ച്ചയായി പായല്‍ കപാഡിയയ്ക്ക് കേസ്; പിന്‍വലിക്കണമെനനാവശ്യപ്പെട്ട് പ്രമുഖര്‍

കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പായല്‍ കപാഡിയയ്ക്ക് എതിരായ കേസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരകാലത്തെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റസൂല്‍ പൂക്കുട്ടി തുടങ്ങിവച്ച ക്യാംപയിന്‍ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍‌ ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി

 

അവാര്‍ഡും വാങ്ങി നാട്ടിലേക്ക് വരുന്ന പായല്‍ കപാഡിയക്ക്,, നേരെ പോകേണ്ടത് കോടതിയിലേക്കാണ്. ഇക്കാര്യം എങ്ങനെയുണ്ട് എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി നോമിനി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ സമരം ചെയ്തതിനാണ് 2015ല്‍ ഇവിടെ വിദ്യാര്‍ഥിയായിരുന്ന കപാഡിയയ്ക്കും മറ്റ് 34 പേര്‍ക്കുമെതിരെ കേസെടുത്തത്. കേസ് പിന്‍വലിക്കണമെന്ന റസൂല്‍ പൂക്കുട്ടിയുടെ ക്യാംപയിന്‍ ശശി തരൂര്‍ ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ അഭിനന്ദന പോസ്റ്റ് പങ്കുവച്ചായിരുന്നു തരൂരിന്‍റെ കുറിപ്പ്. യോഗ്യതയില്ലാത്ത ആളെ നിയമിച്ചതിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ കേസില്‍ നിന്ന് ഒഴിവാക്കാതെ എന്ന് അഭിമാനിക്കും എന്ന് തരൂര്‍. ഇതിന് പിന്നാലെ ''വിഡ്രോ ദി കേസസ്'' എന്ന ഹാഷ്ടാഗില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടങ്ങിയ ക്യാംപയിന്‍ നിരവധി പേര്‍ ഏറ്റെടുത്തു. ഒപ്പം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്സ് ഹാന്‍ഡിലില്‍ കപാഡിയയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെയും നിരവധി പേര്‍ രംഗത്തെത്തി. കേസില്‍പെടുത്തിയവര്‍ തന്നെ അഭിനന്ദിക്കുന്നതിലെ കാപട്യമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. കേസില്‍ അടുത്തമാസം 26ന് കപാഡിയ കോടതിയില്‍ ഹാജരാകണം. കലാപ ആഹ്വാനവും ക്രിമിനല്‍ ഗൂഢാലോചനയുമെല്ലാം ചുമത്തി കേസില്‍ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് കാന്‍ ചലച്ചിത്രമേളയിലെ ഈ ഗ്രാന്‍ പ്രി അവാര്‍ഡെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വികാരം    

ENGLISH SUMMARY:

Tharoor says withdraw the cases filed by the government against payal kapadia