Payal-kapadia

2015ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാജ്യമാകെ ശ്രദ്ധ നേടിയ ഒരു സമരം നടന്നു. 139 ദിവസം നീണ്ടു നിന്ന അത്രയും വലിയ സമരം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. സിനിമമോഹങ്ങളുമായി കാമ്പസില്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയും സമരമുഖത്തുണ്ടായിരുന്നു. അവര്‍ ഒന്നിച്ച് ക്സാസുകള്‍ ബഹിഷ്​കരിച്ചു, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ തടഞ്ഞുവച്ചു.  മറ്റ് സമരക്കാര്‍ക്കൊപ്പം ആ പെണ്‍കുട്ടിയും അച്ചടക്കനടപടിക്കിരയായി. സമരപരിപാടികളുടെ ഭാഗമായതിന്‍റെ പേരില്‍ പൊലീസ് എഫ്ഐആറിലും പേര് വന്ന ആ പെണ്‍കുട്ടി ഇന്ന് ഇന്ത്യന്‍ സിനിമയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചിരിക്കുകയാണ്, പേര് പായല്‍ കപാഡിയ. കാന്‍ ചലച്ചിത്ര മേളയുടെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്​കാരമായ ഗ്രാന്‍ പ്രി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരി. 

payal-kapadia-cannes

സംവിധായിക എന്ന നിലക്ക് മാത്രമല്ല, ഇന്ത്യന്‍ കാമ്പസുകളില്‍ പടര്‍ന്നുപിടിച്ച കാവിരാഷ്​ട്രീയത്തിനെതിരെ ആദ്യകാലത്തുയര്‍ന്ന സമരത്തിന്‍റെ ഭാഗഭാക്കായ ഒരു വിദ്യാര്‍ഥി കാലഘട്ടവും പായിലിനുണ്ടായിരുന്നു. 2015ല്‍ ഫിലിം ഇന്‍സ്​റ്റ്യൂട്ടില്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് ക്ലാസ്​മുറി ബഹിഷ്‌കരിച്ച നാലു മാസം നീണ്ടുനിന്ന സമരത്തില്‍ പായലും ഭാഗമായത്. മഹാഭാരതം സീരിയലിലൂടെ ശ്രദ്ധ നേടിയ നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചരിത്രത്തില്‍ തന്നെ ഇത്രയുംനാള്‍ നീണ്ടുനിന്ന ഒരു സമരം അന്ന് ആദ്യമായിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അച്ചടക്ക നടപടി സ്വീകരിച്ചു. പായലിന് ലഭിക്കേണ്ടിയിരുന്ന സ്കോളര്‍ഷിപ്പുകള്‍ റദ്ദാക്കി. 

FilmandTelevisionInstituteofIn

ഓഗസ്റ്റ് അഞ്ച്, സമരത്തിന്‍റെ 68–ാം നാള്‍ 2008 ബാച്ചിലെ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞുപോകണമെന്ന് എഫ്ടിഐഐ ഡയറക്ടറായിരുന്ന പ്രശാന്ത് പത്രാബെ നോട്ടീസിറക്കി. ഇതിന് പുറമെ വിദ്യാര്‍ഥികളുടെ ഫിലിം പ്രൊജക്ടുകള്‍ മൂല്യനിര്‍ണയം ചെയ്യാനൊരുങ്ങുകയാണെന്നും പെട്ടെന്നൊരു നോട്ടീസിറങ്ങി. വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ ആ സമയത്ത് പൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. സമരക്കാരോടുള്ള പ്രതികാരനടപടി എന്ന നിലയിലിറങ്ങിയ നോട്ടീസിനോട് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത് പത്രോബെയുടെ ഓഫീസ് വളഞ്ഞുകൊണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചു.  പിന്നാലെ പായല്‍ ഉള്‍പ്പെടെ 35 വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്​ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് വക വീണ്ടും ഡിസിപ്ലിനറി ആക്ഷനുമുണ്ടായി. പായല്‍ പങ്കെടുക്കേണ്ടിയിരുന്ന വിദേശത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെട്ടു. 

അതേസമയം സമരത്തില്‍ പങ്കെടുക്കുന്നതിനൊപ്പം തന്നെ പായല്‍ സിനിമകളും നിര്‍മിക്കുന്നുണ്ടായിരുന്നു. 2017ല്‍ പായലിന്‍റെ സിനിമയായ 'ആഫ്​റ്റര്‍നൂണ്‍ ക്ലൗഡ്​സ്' കാന്‍ ഫിലിം ഫെസ്റ്റിവലെ മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ എഫ്ടിഐഐ നിലപാട് മയപ്പെടുത്തി. പായല്‍ കപാഡിയ കൂടുതല്‍ അച്ചടക്കമുള്ള വിദ്യാര്‍ഥിനിയായതായി തങ്ങള്‍ നിരീക്ഷിച്ചുവെന്നും അതിനാല്‍ അവരെ പിന്തുണക്കുന്നുവെന്നുമാണ് ആ സമയത്ത് എഫ്ടിഐഐ ഡയറക്​ടറായ ഭൂപേന്ദ്ര കൈന്തോള പറഞ്ഞത്. 

DivyaPrabha-PayalKapadia-Chhaya-1-

2017ല്‍ പായലിനെ തേടിവന്ന അംഗീകാരം ഒരു തുടക്കം മാത്രമായിരുന്നു. 2021ല്‍ എ നൈറ്റ് ഓഫ് നോയിങ് നത്തിങ് എന്ന ചിത്രത്തിലൂടെ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്​കാരവും കാനില്‍ പായല്‍ സ്വന്തമാക്കിയിരുന്നു. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്​ത മലയാളം–ഹിന്ദി സിനിമ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ചിത്രം മല്‍സരിക്കാന്‍ പോലുമെത്തുന്നത്. ഇനിയൊരു ഇന്ത്യന്‍ ചിത്രം കാനിലേക്ക് എത്താന്‍ മറ്റൊരു 30 വര്‍ഷം എടുക്കരുതെന്നാണ് വേദിയില്‍ നിന്ന് പായല്‍ പറഞ്ഞത്. അഞ്ച് രാജ്യങ്ങളില്‍ 90 ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് 18 പുരസ്​കാരങ്ങളാണ് ഇതുവരെ നേടിയത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അധികാരകേന്ദ്രങ്ങള്‍ക്കെതിരായ തിരിച്ചടി കൂടിയാണ് കാന്‍ പോലെയൊരു ലോകോത്തര വേദിയില്‍ പായലിന് ലഭിച്ച അംഗീകാരം. 

ENGLISH SUMMARY:

Political encagements of Payal Kapadia in pune film institute