മുംബൈ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. റണ്‍വേയില്‍ ഒരു വിമാനം ലാന്‍ഡ് ചെയ്ത അതേസമയത്ത് മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്തു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇന്നലെ വൈകിട്ട് 6.15നാണ് സംഭവം. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതേസമയത്ത് തന്നെ ഇന്‍ഡോര്‍–മുംബൈ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. ലാന്‍ഡിങ്ങിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ ഒരു ഓഫിസറെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഡിജിസിഎ വിശദമായ അന്വേഷണം തുടങ്ങി. റണ്‍വേയില്‍ തിരക്കേറുമ്പോള്‍ ലാന്‍ഡ് ചെയ്യാനാകാതെ വിമാനങ്ങള്‍ ആകാശത്ത് ചുറ്റിക്കറങ്ങുന്ന സ്ഥിതി മുംബൈ വിമാനത്താവളത്തില്‍ പതിവായിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് ഏതാനും സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.