നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിപിഐയും ടിഎംസിയും വ്യക്തമാക്കി. ക്ഷണം ലഭിച്ച മോഹൻ ലാൽ തിരക്കുകളിലായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ ആകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ജനവിധിയിൽ വൻ തിരിച്ചടി നേരിട്ട നരേന്ദ്രമോദിക്ക് രാഷ്ട്രീയമായും ധാർമികമാകും പ്രധാനമന്ത്രിയാകാൻ അവകാശമില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വാദം. ഇതിനിടയിലാണ് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെക്ക് സത്യ പ്രതിജ്ഞ ചടങ്ങിക്കേ ക്ഷണം ലഭിച്ചത്. എല്ലാ എം പി മാരെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ക്ഷണിച്ചതിൽ വിവേചനം ഉണ്ടെന്നും എല്ലാ പാർട്ടികൾക്കും ക്ഷണം ലഭിക്കാത്തതിനാൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്നും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപൽ പ്രതികരിച്ചു.
വിദേശ പ്രതിനിധികളെ ക്ഷണിച്ചിട്ടും പ്രതിപക്ഷത്തെ വിളിക്കാത്തതിൽ വിമർശനം ഉയർന്നതിനാലാണ് വൈകിയ വേളയിലെ ക്ഷണം എന്നും കെസി വേണുഗോപാൽ. കേരള ഹൗസിലേക്ക് ആണ് മുഖ്യമന്ത്രി പിണറായി വിജയനുള്ള ക്ഷണക്കത്ത് വന്നത്. പിണറായി വിജയനും അന്തിമ തീരുമാനമെടുത്തിട്ടില്ല. ജനാധിപത്യപരവിരുദ്ധവും നിയമവിരുദ്ധവുമായി രൂപീകരിക്കുന്ന ഒരു സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങിൽ താനോ പാർട്ടിയോ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും വ്യക്തമാക്കി. സിപിഐക്കും സമാന നിലപാടാണ്. നരേന്ദ്രമോദി നേരിട്ടാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത്. മറ്റു തിരക്കുകളിൽ ആയതിനാൽ പങ്കെടുക്കാൻ ആകില്ലെന്ന് മോഹൻലാൽ മോദിയെ അറിയിച്ചു.
CPI and TMC have clarified that they will not participate in the Oath ceremony of the Modi government