ബുധനാഴ്ച വിജയവാഡയിലായിരുന്നു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായുള്ള ചന്ദ്രബാബു നായിഡുവിൻറെ സത്യപ്രതിജ്ഞ ചടങ്ങ്. എൻഡിഎയിൽ പ്രധാനപ്പെട്ട ഘടകക്ഷിയായി മാറിയതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും അടങ്ങുന്ന ഉന്നത നേതാക്കളുടെ നിര തന്നെ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. എന്നാൽ എൻഡിഎ സർക്കാർ രൂപീകരണത്തിൽ നായിഡുവിനൊപ്പം ഒന്നിച്ച നിന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാട്നയിൽ തന്നെ തങ്ങിയതാണ് രാഷ്ട്രീയ രംഗത്തെ ചൂടൻ ചർച്ച.

എൻഡിഎയിലെ എല്ലാ ഉന്നതരും പങ്കെടുക്കുമ്പോഴും നിതീഷ് മാറി നിന്നത് സഖ്യത്തിനുള്ളിലെ ഐക്യത്തെ പറ്റിയുള്ള ചോദ്യം ഉയർത്തുകയാണ്. മറ്റ് ആവശ്യങ്ങളെ തുടർന്നാണ് നിതീഷ് സത്യപ്രതിജ്ഞാ ചടങ്ങിനെത്താത്തതെന്ന് ബിജെപി വ്യക്തമാക്കുമ്പോഴും എൻഡിഎയിലെ ആഭ്യന്തര കലഹമെന്നാണ് പ്രതിപക്ഷത്തിൻറെ വാദം. 'അത് അവരുടെ ആഭ്യന്തരകാര്യമായിരിക്കാം, എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നത് ഇതിലൂടെ വളരെ വ്യക്തമാണ്' ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തേജസ്വി യാദവ് ഇത്തരം പൊട്ടലും ചീറ്റലും സംഭവിക്കുമെന്ന് പറഞ്ഞതാണെന്നും ആർജെഡി ഓർമിപ്പിക്കുന്നു.

നിതീഷിൻറെ അസാന്നിധ്യം മന്ത്രിസഭാ വീതം വെയ്പ്പിലെ പ്രശ്നങ്ങളെ തുടർന്നുള്ള അകൽച്ചയെന്നാണ് കോൺഗ്രസിൻറെ വാദം. 'കേന്ദ്രമന്ത്രിസഭയിൽ ബിഹാറിനെ മാറ്റിനിർത്തിയതോടെ എല്ലാ കണ്ണുകളും നിതീഷിലേക്കാണ്. ഇതിൻറെ അവസാനം ഇങ്ങനെയൊക്കെയാകുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്, എന്നാൽ ഇതിത്രയും പെട്ടന്ന് പ്രതീക്ഷിച്ചില്ല' എന്നായിരുന്നു പാർട്ടി വക്താവ് ഗയൻ രൻജൻറെ വാക്കുകൾ. 

നിതീഷ് കുമാർ മറ്റു തിരക്കുകൾ കാരണമാണ് ആന്ധ്രാപ്രദേശിൽ എത്താതിരുന്നതെന്നാണ് ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശിൻറെ ഭാഗം.  ഉത്തരേന്ത്യയിൽ മാത്രമുള്ള രാഷ്ട്രീയ പാർട്ടിയാണെന്ന് ബിജെപിയുടെ വിമർശനം ഇനി വിലപോകില്ല. കർണാടകയിൽ ഇതിനകം തന്നെ സർക്കാർ ഉണ്ടായി. ഇപ്പോൾ ദക്ഷിണേന്ത്യയിൽ എൻഡിഎയ്ക്ക് മികച്ച സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ENGLISH SUMMARY:

Nithish Kumar's Absence In N Chandra Babu Naidu's Oath Taking Ceremony; Oppostion Says Its Due To Internal Conflict