ആന്ധ്രാ പ്രദേശിൽ ആശാ പ്രവർത്തകർക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ആശാ പ്രവർത്തകർക്ക് ശമ്പളത്തോടെയുള്ള പ്രസവാവധിയും ഗ്രാറ്റുവിറ്റിയുമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ ആനുകൂല്യങ്ങൾക്കായി സെക്രട്ടേറിയേറ്റ് പടിക്കൽ 20 ദിവസമായി സമരം ചെയ്യുമ്പോഴാണ്, ആന്ധ്രയില്‍ ആശ വർക്കർമാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചത്.
ആന്ധ്രാ പ്രദേശിലെ 42,752 തൊഴിലാളികൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്ന് വാർത്താക്കുറിപ്പിലൂടെ സംസ്ഥാന സർക്കാർ അറിയിച്ചു. മുപ്പത് വർഷം സര്‍വീസുള്ള ആശ പ്രവർത്തകർക്ക് 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ ലഭിക്കുമെന്നും, ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി അനുവദിക്കുമെന്നുമാണ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ പ്രഖ്യാപനം. ഇതിന് പുറമേ, ആശാ പ്രവര്‍ത്തകരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി ഉയർത്താനും തീരുമാനിച്ചു.
കേരളത്തില്‍ ആശാ പ്രവര്‍ത്തകരുടെ സമരം 20ാം ദിവസത്തിലേക്ക് കടന്നിട്ടും നിഷേധാത്മക സമീപനം തുടരുകയാണ് കേരളത്തിലെ ഇടതു സർക്കാർ. ആശ പൂർണമായും കേന്ദ്ര പദ്ധതിയാണെന്നും, കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്നുമാണ് സംസ്ഥാന സർക്കാര്‍ ആവർത്തിച്ച് പറയുന്നത്.
നിശ്ചിത വേതനം നൽകുക, വേതനം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം നടക്കുന്നത്.സമരം തുടങ്ങിയതിന് പിന്നാലെ ആശാ പ്രവര്‍ത്തകരുടെ മൂന്ന് മാസത്തെ പ്രതിഫല കുടിശികയും ഇൻസെൻ്റീവ് കുടിശികയും സർക്കാർ അനുവദിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടാണ് ആശാവർക്കർമാരുടെ പ്രതിസന്ധിക്ക് കാരണമെന്നാണ് വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്.