നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചോദ്യ പേപ്പറുകള്‍ക്കായി നല്‍കിയതെന്ന് സംശയിക്കുന്ന ആറ് ചെക്കുകളാണ് ബിഹാറില്‍ നിന്ന് കണ്ടെടുത്തത്. അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 13പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ ഇക്കണോമിക് ഒഫന്‍സ് യൂണിറ്റ് ഇന്നലെ ഒന്‍പത് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാര്‍ഥികള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് പരീക്ഷയുടെ തലേന്ന് പട്നയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് സൂചന. ഇവര്‍ നല്‍കിയ ചെക്കാണ് അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തിയത്.
അതേസമയം, പരീക്ഷയില്‍ രണ്ട് സ്ഥലങ്ങളില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം 1563 പേര്‍ക്ക് പുനഃപരീക്ഷ നടത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ ഒഡീഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതൊക്കെ സ്ഥലത്താണ് ക്രമക്കേട് കണ്ടെത്തിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.