ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറിച്ച് ഇലോണ്‍ മസ്ക് സംശയം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വാക്പോര് ശക്തമായി. മസ്കിന് നല്‍കിയ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇ.വി.എമ്മിനെ കുറിച്ചുള്ള സംശയങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇത്രയും കാലം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് പവന്‍ ഖേര ചോദിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാമെന്ന ഇലോണ്‍ മസ്കിന്റെ പ്രസ്താവന യു.എസിലെ വോട്ടിങ് മെഷീനുകളെ ഉദ്ദേശിച്ചായിരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം. ഇന്ത്യയിലെ ഇ.വി.എമ്മുകളില്‍ കൃത്രിമം കാട്ടാനാവില്ല. പ്യൂര്‍ട്ടോറിക്കയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ആകെ സാമാന്യ വല്‍ക്കരിക്കുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കാലമത്രയും ഇന്ത്യക്കാര്‍ ഇ.വി.എമ്മിനെ കുറിച്ച് സംശയങ്ങള്‍ ചോദിച്ചപ്പോള്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്നും ഒരു വിദേശി സംശയം ഉന്നയിച്ചപ്പോള്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ പ്രതിരോധിക്കാന്‍ ഇറങ്ങിയത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു.
രാജീവ് ചന്ദ്രശേഖര്‍ ഇലോണ്‍ മസ്കിനേക്കാള്‍ വിവരമുള്ളയാണെന്നും അതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും കപില്‍ സിബല്‍ പരിഹസിച്ചു. പാര്‍ലമെന്ര് സമ്മേളനം 24 ന് തുടങ്ങാനിരിക്കെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.