പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും അനുശോചിച്ചു. അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി നേരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും സ്ഥിതി ഗതികള്‍ ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചതായും ട്വീറ്റില്‍ പറയുന്നു. അപകടസ്ഥലത്തേക്ക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉടന്‍ എത്തിച്ചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. അറുപത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മരിച്ചവരില്‍ മൂന്നുപേര്‍ റെയില്‍വേ ജീവനക്കാരാണ്. ചരക്കു ട്രെയിനിന്‍റെ ലോക്കോ പൈലറ്റും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം.
രാവിലെ ഒന്‍പത് മണിയോടെ അഗര്‍ത്തലയില്‍ നിന്നെത്തിയ കാഞ്ചന്‍ ജംഗ എക്സ്പ്രസിലേക്ക് രംഗപാണിയില്‍ വച്ച് സിഗ്നല്‍ മറികടന്നെത്തിയ ചരക്ക് ട്രെയിന്‍ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ ബോര്‍ഡ് അധ്യക്ഷ മാധ്യമങ്ങളെ അറിയിച്ചു.
അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. ഇതിന് പുറമെ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും നഷ്ടപരിഹാരമായി നല്‍കും. അതിനിടെ അപകടത്തിന്‍റെ ഉത്തരവാദി മോദി സര്‍ക്കാരാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.