തനിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിം, യാദവ സമുദായങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് ബിഹാറിൽ നിന്നുള്ള ജെ.ഡി.യു എം.പി ദേവേഷ് ചന്ദ്ര താക്കൂർ. ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ദേവേഷ് ചന്ദ്രയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. ബീഹാറിലെ സീതാമർഹി ലോക്‌സഭാ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാനാർത്ഥി അർജുൻ റായിക്കെതിരെ 51,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താക്കൂർ വിജയിച്ചത്. ജെഡിയു എംപി സീതാമർഹിയിലെ യാദവ, മുസ്ലീം സമുദായങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്ന പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മുസ്‍ലിം സമുദായത്തിൽ നിന്നുള്ള ഒരാൾ സഹായം അഭ്യർത്ഥിക്കാൻ വന്നപ്പോൾ ഉണ്ടായ കഥയും ദേവേഷ് ചന്ദ്ര പങ്കുവെച്ചു. മുസ്‍ലിം സമുദായത്തിൽ നിന്നുള്ള ഒരാൾ എന്‍റെ അടുത്ത് ഒരു ജോലിക്ക് വന്നിരുന്നു, അവൻ ആദ്യമായി വന്നതാണെന്ന് ഞാൻ വ്യക്തമായി പറഞ്ഞു, അതിനാൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല. ഞാൻ അവനോട് ചോദിച്ചു. ആർജെഡിക്ക് വോട്ട് ചെയ്‌തോ?, അയാൾ അതെയെന്ന് മറുപടി നൽകി. അയാളോട് ചായ കുടിച്ച് പോകാനും തനിക്ക് സഹായം ചെയ്യാൻ ആവില്ലെന്ന് പറഞ്ഞയച്ചെന്നും താക്കൂർ പറഞ്ഞു.
'വരാൻ ആഗ്രഹിക്കുന്നവർക്ക് (മുസ്ലീം, യാദവ സമുദായങ്ങളിൽ നിന്ന്) വരാം, ചായയും ലഘുഭക്ഷണവും കഴിച്ച് പോകാം, പക്ഷേ ഒരു സഹായവും പ്രതീക്ഷിക്കരുത്. അമ്പടയാളത്തിൽ (ജെഡി-യുവിന്‍റെ ചിഹ്നം) നരേന്ദ്ര മോദിയുടെ ചിത്രം കണ്ടപ്പോൾ. എന്തുകൊണ്ടാണ് നിങ്ങളുടെ മുഖത്ത് ആർജെഡിയുടെ ചിഹ്നവും ലാലു യാദവിന്‍റെ മുഖവും ഓര്‍മ വന്നത്?' എന്നാണ് താക്കൂർ പറഞ്ഞത്.
അതേസമയം, തന്‍റെ പാർട്ടി ബിജെപിയുമായി സഖ്യത്തിലാണെങ്കിലും താൻ ഇപ്പോൾ സീതാമർഹിയെ പാർലമെന്‍റിൽ പ്രതിനിധീകരിക്കുന്നുവെന്ന കാര്യം മറക്കരുതെന്നും താക്കൂറിനെതിരെ ആർജെഡി തിരിച്ചടിച്ചു. 'ഏതൊരു നേതാവും, അത് എംപിയോ, എംഎൽഎയോ, പ്രധാനമന്ത്രിയോ ആകട്ടെ, ഒരു ജാതിയിലും സമുദായത്തിലും പെട്ടവനല്ല. തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ അവൻ ഒരു പ്രദേശത്തിന്‍റെ പ്രതിനിധിയായി മാറുന്നു. ദേവേഷ് ചന്ദ്ര താക്കൂർ ഇപ്പോൾ സീതാമർഹിയിലെ തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ പ്രദേശത്തെ എല്ലാവരും തുല്യരായിരിക്കണം, തന്‍റെ പാർട്ടി ബിജെപിയുമായി സഖ്യത്തിലാണെങ്കിലും അദ്ദേഹം കാവിവൽക്കരിക്കപ്പെടരുത്' എന്നാണ് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചത്.