കാണുന്നവരെ പോലും കറന്‍റ് അടിപ്പിക്കുന്ന ഒരു വൈദ്യുതി ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലാകുന്നത്. 45,000 രൂപയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ജോയിൻ ഹുഡ് ആപ്പിന്‍റെ സഹസ്ഥാപകനായ ജസ്വീർ സിങ് രണ്ട് മാസത്തെ വൈദ്യുതി ബില്ലായി അടച്ചത്. പേടിഎം വഴി നടത്തിയ പണമിടപാടിന്‍റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെയാണ് സിങ് പങ്കുവെച്ചിരിക്കുന്നത്.
'വൈദ്യുതി ബില്ല് അടച്ചു, മെഴുകുതിരികളിലേക്ക് മാറിയാലോ എന്ന് ആലോചിക്കുന്നു' എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിട്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ കമന്‍റ് ബോക്സിലാകെ ചര്‍ച്ചകളാണ്. ചിലര്‍ക്ക് അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല.
ബില്ലിൽ പലരും ആശ്ചര്യം പ്രകടിപ്പിക്കുകയും ഇത് എങ്ങനെ ഇത്രയധികം ഉയരുമെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ചിലര്‍ വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. വിവിധ പ്രദേശങ്ങളിലുടനീളമുള്ള വൈദ്യുതിയുടെ വ്യത്യസ്‌ത ചെലവുകളും യൂട്ടിലിറ്റി ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ പലരും നേരിടുന്ന വെല്ലുവിളികളും കമന്‍റ് ബോക്സില്‍ ചര്‍ച്ചയാകുന്നുണ്ട്.