മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ കുടുംബത്തെ നാണം കെടുത്തി ഒരാള്‍ കൂടി പീഡനക്കേസില്‍ അറസ്റ്റില്‍. ലൈംഗിക പീഡനക്കേസുകളില്‍ ജയിലില്‍ കഴിയുന്ന ഹാസന്‍ മുന്‍ എം.പി. പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും എം.എല്‍.സിയുമായ സൂരജ് രേവണ്ണെയാണു പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായത്. അറസ്റ്റിനു പിന്നാലെ കേസ് സി.ഐ.ഡി വിഭാഗത്തിനു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന സൂരജിന്റെ പരാതിയും ഇതോടൊപ്പം സി.ഐ.ഡി. വിഭാഗം അന്വേഷിക്കും. ദേവഗൗഡയുടെ മൂത്തമകന്‍ എച്ച്.ഡി. രേവണ്ണയുടെ മക്കളാണ് പ്രജ്വലും സൂരജും.
ദള്‍ പ്രവര്‍ത്തകനായ 27 കാരനാണു പരാതിക്കാരന്‍. കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്കാണ് ഇയാള്‍ ആദ്യം പരാതി നല്‍കിയത്. സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ ജോലി ആവശ്യാര്‍ഥമാണു കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗമായ സൂരജിനെ സമീപിച്ചത്. കഴിഞ്ഞ 16ന് ഇക്കാര്യത്തിനായി ഫാം ഹൗസിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണു പരാതി. ആഭ്യന്തരമന്ത്രിക്കു പരാതി കിട്ടിയെന്നു മനസിലായതോടെ സൂരജിന്റെ പി.എ. ഇയാള്‍ക്കും ബന്ധുവിനുമെതിരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ചു പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ഇമെയില്‍ വഴി ഡി.ജി.പിക്കു ലഭിച്ച പരാതി ഹോളോനരസിപ്പുര പൊലീസിനു കൈമാറുകയായിരുന്നു. ഇന്നലെ രാത്രി 9മണിയോടെ സൂരജിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി
പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നിവയാണു സൂരജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. സൂരജിന്റെ പി.എ. ശിവകുമാറും കേസിലെ പ്രതിയാണ്. കേസ് സൂരജ് സ്വയം നേരിടണമെന്നും ഇത്തരം ചെയ്തികളോടു പാര്‍ട്ടിക്കു ബന്ധമില്ലെന്നും ജെ.ഡി.എസ്. വ്യക്തമാക്കി. നടുക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.