ആശയസംവാദങ്ങൾക്കും ആസ്വാദനത്തിനും പുതിയ തലങ്ങൾ തുറന്ന് മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന് തുടക്കം. കോഴിക്കോട് കടപ്പുറത്ത് ഓപ്പൺ എയർ സ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമം നിർവഹിച്ചു.
എഴുത്തുകാർക്കു ധൈര്യപൂർവം തുറന്നു പറയാനുള്ള വേദിയാവണം ഹോർത്തൂസ് അടക്കമുള്ള സാംസ്കാരിക വേദികളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനെസ്കോയുടെ സാഹിത്യനഗരി പദവി കോഴിക്കോടിനു ലഭിച്ചശേഷം കേരളത്തിൽ നടക്കുന്ന ആദ്യ സാഹിത്യോത്സവമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘‘കേരളീയ നവോത്ഥാനവുമായി മലയാള മനോരമയ്ക്കുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതാണു ഹോർത്തൂസ്. മലയാളത്തിന്റെ ഭാവി കവിതയിലല്ലാ, ഗദ്യത്തിലാണെന്നു തിരിച്ചറിഞ്ഞ വ്യക്തിയാണു മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരും സാഹിത്യകാരനുമായ കണ്ടത്തിൽ വർഗീസ് മാപ്പിള. അച്ചടിച്ച പത്രങ്ങൾക്ക് ഇന്ററാക്ടീവ് ആകാം എന്നു കണ്ടത്തിൽ വർഗീസ് മാപ്പിളയും മലയാള മനോരമയും തെളിയിച്ചു. ഭിന്നരുചിക്കാരായ എഴുത്തുകാരെ ഒരേ ചരടിൽ കോർത്ത് കണ്ടത്തിൽ വർഗീസ് മാപ്പിള സംഘടിപ്പിച്ചു. ഹോർത്തൂസ്, ആദ്യ ഭാഷാപോഷിണി സഭയുടെ ഓർമയുണർത്തുന്നു.
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലതും തുറന്നു പറയാനാവാത്ത സ്ഥിതിയാണ്. ഇന്നു ഭാവനയും പ്രതിഭയും മാത്രം പോരാ. അതു ധൈര്യപൂർവം ആവിഷ്കരിക്കാനുള്ള സാഹചര്യം കൂടി വേണം. എഴുത്തുകാർക്കു ധൈര്യപൂർവം തുറന്നു പറയാനുള്ള വേദിയാവണം ഹോർത്തൂസ് അടക്കമുള്ള സാംസ്കാരിക വേദികൾ. ഇതിനായി സംഘം ചേർന്നു പോരാടേണ്ടിയിരിക്കുന്നു. പല എഴുത്തുകാർക്കും ധൈര്യമുണ്ടാകുന്നില്ല. അത് അടിച്ചമർത്തപ്പെടുന്നു. സത്യസന്ധമായ നിലപാടെടുത്ത പലരും കൊല്ലപ്പെടുന്നു. അത്തരം ആക്രമണങ്ങളെ ചെറുക്കാൻ പ്രചോദനവും ധൈര്യവുമാകണം ഹോർത്തൂസ് പോലുള്ള സാഹിത്യ മേളകൾ. ലോകത്തിലെ മിക്ക സാഹിത്യോത്സവങ്ങളും പുസ്തകോത്സവം വളർന്ന് ഉണ്ടായതാണ്. മലയാളിയുടെ സാംസ്കാരിക ബോധത്തിൽ ഹോർത്തൂസ് പുത്തൻ ഉണർവുണ്ടാക്കട്ടെ’’– മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ പല ഉന്നത ആശയങ്ങളും കടൽ കടന്ന് വന്നതാണെന്നു ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ പറഞ്ഞു. ‘‘കടൽ നല്ലതും മോശം കാര്യങ്ങളും കൊണ്ടുവരും. മലയാളത്തിൽ തന്നെ എത്രയെത്ര വാക്കുകൾ കടൽ കടന്ന് വന്നു. നമ്മുടെ ജീവിതശൈലിയെ തന്നെ അത് മാറ്റി. ഇത്തരം കൊടുക്കൽ വാങ്ങലുകൾ നടപ്പാക്കാൻ കടപ്പുറത്ത് നടക്കുന്ന ഹോർത്തൂസിന് കഴിയുമെന്നാണ് പ്രതീക്ഷ’’– അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വ്യത്യസ്തമായൊരു അനുഭവതലം സൃഷ്ടിക്കാനാണു ഹോർത്തൂസ് ശ്രമിക്കുന്നതെന്നു അധ്യക്ഷ പ്രസംഗത്തിൽ മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. കലയും സാഹിത്യവും മാത്രമല്ല ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും ഹോർത്തൂസ് വേദിയിൽ പ്രതിഫലിക്കുമെന്നാണു കരുതുന്നതെന്നു മലയാള മനോരമ എക്സിക്യുട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു പറഞ്ഞു.
മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, പോളിഷ് എഴുത്തുകാരൻ മാരേക് ബ്ലെൻസിക്, ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, സാന്റമോണിക്ക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരും സംസാരിച്ചു.