railway-berth-death

തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ബര്‍ത്ത് ശരീരത്തില്‍ വീണ് മലയാളി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. മുകളിലെ സീറ്റിലെ യാത്രക്കാരന്‍ ചങ്ങല കൃത്യമായി ഇടാതിരുന്നതാണ് അപകടത്തിന് കാരണമെന്നും ബര്‍ത്ത് തകര്‍ന്നല്ല അപകടമുണ്ടായതെന്നും റെയില്‍വേ പറയുന്നു. സംഭവമുണ്ടായ ഉടന്‍ തന്നെ ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് രാമഗുണ്ടത്ത് നിര്‍ത്തി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരിശോധിച്ചുവെന്നും റെയില്‍വേ വിശദീകരിച്ചു. സീറ്റിന് തകരാര്‍ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേയുടെ വാദം. 

മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് ജീവന്‍ നഷഅടമായത്. തൃശൂരില്‍ നിന്നും സുഹൃത്തിനൊപ്പമായിരുന്നു അലിഖാന്‍റെ യാത്ര.  ചരിഞ്ഞു കിടക്കുകയായിരുന്ന അലിഖാന്‍റെ ശരീരത്തിലേക്കാണ് ബര്‍ത്ത് തകര്‍ന്ന് വീണത്. ഇതോടെ കഴുത്തിലെ 3 അസ്ഥികള്‍ക്ക് പൊട്ടലുണ്ടായി. നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റതോടെ ചലനശേഷി നഷ്ടപ്പെട്ടു. വാറങ്കലിലെ സ്വകാര്യാശുപത്രിയില്‍ വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്‍റെ പഞ്ചാബില്‍ പഠിക്കുന്ന മരുമകളെ സന്ദര്‍ശിക്കാനും ഡല്‍ഹില്‍ വിനോദയാത്രയും ലക്ഷ്യമിട്ടായിരുന്നു യാത്ര. തെലങ്കാനയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

ENGLISH SUMMARY:

Passenger in the upper berth failed to tighten seat chain caused accident claims Indian Railway. 62 year old Alikhan from Malappuram lost his life after berth fell on him.