അറസ്റ്റിലായാലും ചമഞ്ഞിരിക്കണമെന്നാണ് കന്നഡനടി പവിത്ര ഗൗഡയുടെ നിലപാട്. ആരാധകനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കന്നഡ സുപ്പര്‍താരം ദര്‍ശനും നടി പവിത്രയും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞദിവസം തെളിവെടുപ്പിനായി പവിത്രയെ ബെംഗളൂരുവിലെ വീട്ടിലെത്തിച്ചിരുന്നു. സാധാരണവേഷത്തിലായിരുന്നു വീട്ടിലേക്കുള്ള പവിത്രയുടെ വരവ് . പക്ഷേ തെളിവെടുപ്പിന് ശേഷം പുറത്തിറങ്ങിയാതാകട്ടെ ലിപ്സ്റ്റിക്കിട്ട് മുഖം മിനുക്കി.
വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പുലിവാലുപിടിച്ചത് പൊലീസാണ്. പൊലീസ് കസ്റ്റഡിയിലും പവിത്രയ്ക്ക് സുഖവാസമാണെന്നാണ് പുറത്തെ സംസാരം. ഒടുവില്‍ തടിയൂരാന്‍ ബംഗലുരു വെസ്റ്റ് ഡിസിപി ഗിരീഷിന്റെ വിശദീകരണ കുറിപ്പ് പുറത്തുവന്നു.
'പവിത്ര ഗൗഡ താമസിക്കുന്ന വീട്ടില്‍ എപ്പോഴും മേക്കപ്പ് ബാഗ് സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തിയപ്പോള്‍ അവര്‍ ശുചിമുറിയില്‍ കയറിയതായി വനിതാ എസ്.ഐ വ്യക്തമാക്കിയിട്ടുണ്ട്. ശുചിമുറിയില്‍ വച്ചാകാം ഇവര്‍ മേക്കപ്പിട്ടത്. ഇത് വനിതാ എസ്.ഐയുടെ ശ്രദ്ധയില്‍പെടാന്‍ സാധ്യതയുണ്ട്. മേക്കപ്പ് ചെയ്യുന്നത് അവര്‍ വിലക്കേണ്ടതായിരുന്നു. അശ്രദ്ധ ചൂണ്ടിക്കാട്ടി എസ്‌ഐയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ദര്‍ശന്‍ തന്‍റെ ഭാര്യയെവിട്ട് പവിത്രയ്ക്കൊപ്പമാണെന്നത് ചൂണ്ടിക്കാട്ടി ആരാധകന്‍ മോശമായി കമന്‍റ് ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽനിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.