കര്‍ഷകരോഷം തണുപ്പിക്കാനുള്ള പദ്ധതികളില്‍ ഊന്നിയാണ് ഇക്കുറി മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. വനിതകള്‍ക്കുള്ള 1,500 രൂപയുടെ പ്രതിമാസ ഗ്യാരണ്ടിയും ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമാക്കിയതും നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി സഖ്യമായ മഹായുതി.
സ്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള ജനപ്രിയ പദ്ധതി. 21നും 60നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് പ്രതിമാസം 1,500 രൂപ ഉറപ്പ് നല്‍കുന്ന സ്കീമാണ് അജിത് പവാര്‍ അവതരിപ്പിച്ച ബജറ്റിന്‍റെ കാതല്‍. അഞ്ചംഗ കുടുംബത്തിന് വര്‍ഷത്തില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി ലഭ്യമാക്കും. കുടുംബ ബജറ്റില്‍ നിന്ന് നേരെ കര്‍ഷകരിലേക്ക്. 44 ലക്ഷം കർഷകരുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളും. സോയാബീന്‍, പരുത്തി കര്‍ഷകര്‍ക്ക് ഹെക്ടറിന് 5000 രൂപ ബോണസ്.
സവാള കര്‍ഷകര്‍ക്ക് ക്വിന്‍റലിന് 350 രൂപ സബ്‌സിഡി. വിദര്‍ഭയിലെയും മറാഠ്‌വാഡയിലെയും കൂടുതല്‍ ജില്ലകളിലേക്ക് വികസന പദ്ധതികള്‍ വ്യാപിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നല്‍കിയ തിരിച്ചടി ബിജെപി സഖ്യത്തിന് പാഠമായെന്ന് വ്യക്തം. നിയമസഭാ തിരഞ്ഞെടുപ്പിന് വെറും നാല് മാത്രം ശേഷിക്കേ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പിടിവള്ളിയാകുമെന്നാണ് മഹായുതിയുടെ പ്രതീക്ഷ. ഇങ്ങനെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോളും കാര്‍ഷിക കടങ്ങള്‍ എന്തുകൊണ്ട് എഴുതിത്തള്ളുന്നില്ലെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രത്യേക പാക്കേജോ ദൂരക്കാഴ്ചയോ ഇല്ലാത്ത ബജറ്റ് തിരഞ്ഞെടുപ്പു പ്രകടന പത്രിക ആയെന്നാണ് വിമര്‍ശനം.