സംസ്ഥാന ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയില്‍. പദ്ധതി വിഹിതത്തിന്‍റെ 42 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതിച്ചെലവുകള്‍ 40 ശതമാനംവരെ വെട്ടിക്കുറച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉള്‍പ്പെടെ വന്‍കിട പദ്ധതികളെയെല്ലാം ഇത് ബാധിച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായ ലൈഫ് മിഷനുവേണ്ടി 2024-25 ബജറ്റില്‍ വകയിരുത്തിയത് 692 കോടി രൂപ. ചെലവഴിച്ചത് 17 ശതമാനം അഥവാ നൂറ് കോടിയില്‍ താഴെ. വന്‍കിട വികസന പദ്ധതികള്‍ക്കായി വകയിരുത്തിയ 300 കോടിയിലും ഒരു രൂപ ചെലവാക്കിയില്ല. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ്, പാലങ്ങള്‍ക്കായി വകയിരുത്തിയ 1042 കോടിയില്‍ ചെലവഴിച്ചത് 35 ശതമാനം അഥവാ 400 കോടിയില്‍ താഴെ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് വകയിരുത്തിയ 70.41 കോടിയില്‍ ഒരു രൂപ ചിലവഴിച്ചില്ല.
ബേപ്പൂര്‍, അഴീക്കോട്, പൊന്നാനി, ആലപ്പുഴ തുടങ്ങിയ ചെറുകിട തുറമുഖങ്ങളുടെ നവീകരണത്തിനായുള്ള 35 കോടിയും പ്രഖ്യാപനത്തിലൊതുങ്ങി. ജലവൈദ്യൂതി പദ്ധതികളുടെ നവീകരണത്തിനും വികസനത്തിനമുള്‍പ്പെടെ കെ.എസ്.ഇ.ബിക്ക് വകയിരുത്തിയ 1042 കോടിയും സോളര്‍ പോലുള്ള പാരമ്പര്യേതര ഊര്‍ജോൽപാദനത്തിനായി അനര്‍ട്ടിന് വകയിരുത്തിയ 37 കോടിയും തഥൈവ. ഐ.ടി മേഖലയിലും ഒരു പദ്ധതിയും മുന്നോട്ട് പോയിട്ടില്ല. സ്പെയ്സ് പാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയ്ക്കായി വകയിരുത്തിയ 262 കോടിയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആകെ വകയിരുത്തിയത് 8532 കോടി രൂപയാണ്. ഇതിന്‍റെ 45.44 ശതമാനമാണ് ഇതുവരെ വിനിയോഗിച്ചത്. മുനിസിപ്പാലിറ്റികളുടെ ഫണ്ടുകളില്‍ 24.64 ശതമാനവും കോര്‍പറേഷനുകളില്‍ 31 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ചുരുക്കത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താളം തെറ്റിയ സാമ്പത്തിക വര്‍ഷമാണ് കടന്ന് പോകുന്നത്.