പുതിയ ക്രിമിനൽ നിയമപ്രകാരമുള്ള രാജ്യത്തെ ആദ്യകേസ് മധ്യപ്രദേശില്‍ ബൈക്ക് മോഷ്ടാവിനെതിരെ. പുതിയ നിയമങ്ങളോടെ  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പൂർണമായും സ്വദേശീയമായെന്നും ഇനി വേഗത്തില്‍ നീതി നടപ്പാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. അതേസമയം പൊലീസിലും നിയമരംഗത്തുള്ളവരിലും  ആശയക്കുഴപ്പവും ബാക്കിയാണ്. 

മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തിലായി പത്താം മിനിറ്റില്‍, അര്‍ധരാത്രി 12.10നാണ് ഗ്വാളിയോറിലെ പൊലീസ് സ്റ്റേഷനില്‍ ആദ്യകേസെടുത്തത്. 1.80 ലക്ഷം രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍‌ മോഷ്ടിച്ചയാള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മോഷണക്കുറ്റത്തിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം വ്യക്തതമാക്കിയത്. ആദ്യകേസ് ഡല്‍ഹിയില്‍ വഴിയോര കച്ചവടക്കാരനെതിരെയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ന്യുഡല്‍ഹി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയ തെരുവ് കച്ചവടക്കാരാനെതിരെ അര്‍ധരാത്രി 12.15നാണ് കമല മാർക്കറ്റ് പൊലീസാണ് കേസെടുത്തത്.  

ബ്രിട്ടീഷ് യുഗത്തിലെ കൊളോണിയൽ നിയമങ്ങൾക്ക് പകരം  ഇന്ത്യൻ പാർലമെൻ്റിലെ നിയമം പ്രയോഗത്തിലായെന്നും ദണ്ഡിന്‍റെ സ്ഥാനത്ത് ഇനി ന്യായമെന്നും അമിത് ഷാ. പുതിയ നിയമങ്ങള്‍ തിരക്കിട്ട് നടപ്പാക്കിയെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളിയ അമിത് ഷാ പാർട്ടികൾ രാഷ്ട്രീയത്തിനപ്പുറം  പുതിയ നിയമങ്ങളെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത, സിആർപിസിയുടെ സ്ഥാനത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് പ്രാബല്യത്തിലായത്.  ഐ.പി.സിയിലെ മിക്ക നിയമങ്ങളും ഇനിയും തുടരുമെങ്കിലും പെറ്റികേസുകള്‍ മുതല്‍ ആള്‍ക്കുട്ടകൊലപാതകം വരെയുള്ള നിരവധി കുറ്റങ്ങളുടെ ശിക്ഷകള്‍ മാറും, പുതിയ കുറ്റകൃത്യങ്ങളും കൂട്ടിചേര്‍ക്കപ്പെട്ടു. പുതിയ നിയമങ്ങളില്‍ പ്രതിഷേധിച്ച്  ബംഗാളില്‍ അഭിഭാഷകർ കരിദിനമാചരിച്ചു.  

ENGLISH SUMMARY:

New Criminal Law; first case against a bike thief in Madhya Pradesh