മണിപ്പുര്‍ വിഷയത്തില്‍ ലോക്സഭയില്‍ പാലിച്ച മൗനം വെടിഞ്ഞും, കോണ്‍ഗ്രസിനെതിരെ ആക്രമണം കടുപ്പിച്ചും രാജ്യസഭയില്‍ പ്രധാനമന്ത്രി. മണിപ്പുര്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മോദി കുറ്റപ്പെടുത്തി. 20 വര്‍ഷംകൂടി ഭരണത്തില്‍ തുടരും. പ്രതിപക്ഷം യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടിയെന്ന് ഇറങ്ങിപ്പോക്ക് പരാമര്‍ശിച്ച് മോദി പരിഹസിച്ചു.  നന്ദിപ്രമേയ ചര്‍ച്ചയ്ക്കുശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. എന്‍.ഡി.എയുടെ ജയം ബ്ലാക്ക് ഔട്ട് ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രതിപക്ഷം കള്ളങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രവൃത്തിയിലൂടെ മറുപടി നല്‍കി. അതിന് ജനം നല്‍കിയ അംഗീകാരമാണ് ഭരണത്തുടര്‍ച്ച. മൂന്നിലൊന്ന് പ്രധാനമന്ത്രി എന്ന പരിഹാസത്തിനും മോദി മറുപടി നല്‍കി. എന്‍.ഡി.എ ഭരണത്തിന്‍റെ മൂന്നിലൊന്ന് കാലമേ ആയിട്ടുള്ളു. ഇനിയും 20 വര്‍ഷം ഭരിക്കും. അതിന് കോണ്‍ഗ്രസ് വഴിയൊരുക്കുമെന്നും പരിഹാസം

ഭരണഘടനയെ പവിത്രമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കോണ്‍ഗ്രസാണ് ഭരണഘടനയുടെ ഏറ്റവും വലിയ ശത്രു. ഒരു കുടുംബത്തെ സഹായിക്കാന്‍ ഭരണഘടനയെ അവര്‍ ദുരുപയോഗം ചെയ്തുവെന്നുംമോദി . ഇടയ്ക്ക് പ്രതിപക്ഷ നേതാവ് ഇടപെടാന്‍ ശ്രമിച്ചു. എന്നാല്‍ സംസാരിക്കാന്‍ രാജ്യസഭാധ്യക്ഷന്‍ അനുവദിച്ചില്ല. പ്രതിപക്ഷം ബഹളംവച്ചെങ്കിലും പ്രതിഷേധം അവഗണിച്ച് മോദി പ്രസംഗം തുടര്‍ന്നു. പിന്നാലെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

നുണ പറഞ്ഞുനടന്നവര്‍ക്ക് സത്യത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ലെന്നും രാജ്യസഭയെയാണ് പ്രതിപക്ഷം അപമാനിച്ചതെന്നും മോദി. അങ്ങേയറ്റം വേദനിപ്പിക്കുന്ന നടപടിയെന്ന് ജഗ്ദീപ് ധന്‍കറും പറഞ്ഞു.

ഇന്നലെ ലോക്സഭയില്‍ മണിപ്പുര്‍ ഉയര്‍ത്തി രണ്ടര മണിക്കൂര്‍ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോഴും ഒരക്ഷരം മിണ്ടാതിരുന്ന മോദി ഇന്ന് മണിപ്പുര്‍ കലാപത്തില്‍ വിശദമായി തന്നെ പ്രതികരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. 11,000 എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തു. അഞ്ഞൂറിലേറെപ്പേര്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രി പലതവണ മണിപ്പുരില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനം ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് എരിതീയില്‍ എണ്ണയൊഴിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് കേരളത്തെ ഉദാഹരണമാക്കി മറുപടി. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പറയുന്നു. കേരളത്തിന് പുറത്ത് അന്വേഷണ ഏജന്‍സികളെ കുറ്റംപറയുന്നു. അഴിമതി നടത്തിയ ശേഷം അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസ് കാലത്തെന്നും തിരിച്ചടിച്ചു.

നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ മോദി കുട്ടികളുടെ ഭാവിവച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Prime Minister breaks his silence on Manipur issue