rahul-gandhi-agniveer

TOPICS COVERED

ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച പഞ്ചാബിൽനിന്നുള്ള അഗ്നിവീറിന്റെ കുടുംബത്തിന് സഹായം നൽകിയില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി കരസേന. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഇതുവരെ 98 ലക്ഷം രൂപ നൽകിയെന്നും പൊലീസ് വെരിഫിക്കേഷനുശേഷം 67 ലക്ഷം കൂടി നൽകുമെന്നും കരസേന വ്യക്തമാക്കി. വീരമൃത്യുവരിച്ച അജയ് കുമാറിന്റെ പിതാവിന്റെ പ്രതികരണം പങ്കുവച്ചാണ് രാഹുൽ ഗാന്ധി ധനസഹായം ലഭിച്ചില്ലെന്ന് ആരോപിച്ചത്. പ്രതിപക്ഷനേതാവ് എന്ന നിലയിലെ രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ ആദ്യ പ്രസംഗത്തിലാണ് അഗ്നിവീറിന്റെ കുടുബത്തിന് സഹായം ലഭിച്ചിരുന്നില്ല എന്ന് രാഹുൽ ഗാന്ധി ആദ്യം പറഞ്ഞത്.

 

പറഞ്ഞത് തെറ്റെന്ന് സഭയിലുണ്ടായിരുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്ന് തന്നെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഇടപെട്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീരമൃത്യുവരിച്ച അഗ്നിവീർ അജയ് കുമാറിന്റെ പിതാവിന്റെ പ്രതികരണവുമായി വീണ്ടും രാഹുൽ ഗാന്ധി രംഗത്തുവന്നത്. പഞ്ചാബ് സർക്കാർ ധനസഹായം നൽകിയെന്നും എന്നാൽ കേന്ദ്രസർക്കാർ  ധനസഹായം നൽകിയില്ലെന്നും അജയ് കുമാറിന്റെ പിതാവ് പറയുന്ന വിഡിയോയാണ് രാഹുൽ പങ്കുവച്ചത്. 

ധനസഹായം നൽകിയെന്ന് പ്രതിരോധമന്ത്രി നുണ പറഞ്ഞെന്നും പാർലമെൻ്റിനോടും സേനയോടും വീരമൃത്യുവരിച്ച അഗ്നിവീറിൻ്റെ കുടുംബത്തോടും രാജ്നാഥ് സിങ് മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതോടെയാണ് വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് ഇതുവരെ നൽകിയതും ഇനി നൽകാൻ പോകുന്നതുമായ തുകയുടെ കണക്ക് കരസേന പുറത്തുവിട്ടത്. 98.39 ലക്ഷം രൂപ അജയ് കുമാറിന്റെ ഏറ്റവും അടുത്ത അനന്തരാവകാശിക്ക് നൽകി. പൊലീസ് വെരിഫിക്കേഷനുശേഷം 67 ലക്ഷം കൂടി നൽകും. ഇങ്ങനെ അഗ്നിവീറിന്റെ ഏറ്റവുമടുത്ത അനന്തരാവകാശിക്കാണ് ഒരു കോടി 65 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരസേന വ്യക്തമാക്കുന്നത്. 

സേന പുറത്തുവിട്ട ഈ വിവരങ്ങൾ പങ്കുവച്ച പ്രതിരോധമന്ത്രി, അഗ്നിവീറുകളുടെ ക്ഷേമത്തിന് ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞു. ജമ്മു കശ്മീരിലെ രജൗറിയിൽ ജനുവരിന് 18ന് ലാൻഡ് മൈൻ പൊട്ടിത്തെറിച്ചാണ് അഗ്നിവീർ അജയ് കുമാർ വീരമൃത്യുവരിച്ചത്.

ENGLISH SUMMARY:

Indian Army dismissed Rahul Gandhi's allegation against Agniveer Scheme