Untitled design - 1

നീറ്റ് യു.ജി പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പരീക്ഷയുടെ രഹസ്യസ്വഭാവം വലിയതോതില്‍ ലംഘിക്കപ്പെട്ടതിന് തെളിവില്ല. പരീക്ഷ റദ്ദാക്കിയാല്‍ ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. ചോദ്യപേപ്പര്‍‌ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ച നീറ്റ് പി.ജി പരീക്ഷ ഓഗസ്റ്റ് 11 ന് നടത്തും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെയും ക്രമക്കേട് ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ സത്യവാങ് മൂലം. പരീക്ഷയുടെ രഹസ്യസ്വഭാവം വലിയതോതില്‍ ലംഘിക്കപ്പെട്ടതിന് തെളിവുകളില്ല, അതിനാല്‍ പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ല.   

പരീക്ഷ പൂര്‍ണമായും റദ്ദാക്കുന്നത് സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഗുരുതരമായി ബാധിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ സിബിഐ അന്വേഷണം നടക്കുകയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മത്സര പരീക്ഷകള്‍ സുതാര്യമായി നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കുക.

 

നീറ്റ് പി.ജി. പരീക്ഷ അടുത്തമാസം 11 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അറിയിച്ചു. 292 നഗരങ്ങളിലായി 2,28,757 പേര്‍ക്കാണ് ഓൺലൈന്‍ പരീക്ഷ. ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് തലേ ദിവസം രാത്രി റദ്ദാക്കിയിരുന്നു.  പരീക്ഷ വൈകുന്നതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ പരാതിപ്പെട്ടിരുന്നു.

ENGLISH SUMMARY:

NEET UG should not be cancelled; no proof of large-scale irregularities: Centre to Supreme Court