TOPICS COVERED

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശക്തമായ മഴ. മഴക്കെടുതികളും രൂക്ഷം. പ്രളയത്തെ തുടര്‍ന്ന് അസമില്‍ 25 ലക്ഷം ആളുകള്‍ ദുരിതത്തില്‍. 52 പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തി. രാജസ്ഥാനിലെ ടോങ്ക് ജില്ലയും പ്രളയ ജലത്തില്‍ മുങ്ങി. 

രാജസ്ഥാനിലെ പിപ്പ്‌ലുവില്‍ കുത്തൊഴുക്കില്‍പ്പെട്ട് വലിയ ട്രക്ക് ഒഴുകിപോകുന്നതാണ് ദൃശ്യങ്ങളില്‍. ഹമിര്‍പൂരിലെ സംസ്ഥാന പാതയില്‍ ഒരാള്‍ പൊക്കത്തിലാണ് വെള്ളമുയര്‍ന്നത്. ടോങ്ക് ജില്ലയില്‍ വീടുകളും കെട്ടിടങ്ങളും മുങ്ങി. അസമില്‍ 30 ജില്ലകളിലെ 25 ലക്ഷത്തോളം ആളുകള്‍ വലിയ ദുരിതത്തില്‍. ബ്രഹ്മപുത്രയടക്കം പല നദികളും കരകവിഞ്ഞു. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. ഗുവാഹത്തി ഉള്‍പ്പെടെ നഗര മേഖലകളിലും വെള്ളപ്പൊക്കമാണ്. 

അരുണാചല്‍ പ്രദേശില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും ശമനമില്ല. ചാംഗ്ലാങ്ങില്‍ പാലം തകര്‍ന്നു. ഉത്തരാഖണ്ഡില്‍ ദേശീയ– സംസ്ഥാന പാതകളില്‍ പലയിടത്തും കൂറ്റന്‍ പാറക്കല്ലുകള്‍ വീണ്് ഗതാഗതം സ്തംഭിച്ചു. എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ സേന അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുഴുവന്‍‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. ഹിമാചല്‍ പ്രദേശില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ വീട് തകര്‍ന്ന് ഏഴുപേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. കനത്ത മഴയുള്ള സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Heavy rains to hit Northeast India: