വേഗത്തില്‍ ജോലി തീര്‍ത്ത് വീട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസാണ് ഇന്നലെ കാന്‍പൂരില്‍ കണ്ടത്. ചുമ്മാ കൊട്ടിക്കൊണ്ടിരിക്കാതെ അടിച്ചങ്ങ് കസറി, ബംഗ്ലാദേശിന്റ കഥ കഴിച്ച് ആഘോഷം തുടങ്ങി. മഴ ഭീഷണിയായ പഞ്ചദിനകഥ അങ്ങനെ അതിവേഗം പരിസമാപ്തിയിലെത്തി. ഇപ്പോള്‍ ഈ അതിവേഗ കഥകഴിക്കല്‍ ടീമിനൊരു ശീലമായെന്നു പറഞ്ഞാലും തെറ്റില്ല.
ആദ്യദിനം മുതല്‍ തന്നെ മഴ കളിമുടക്കിക്കൊണ്ടേയിരുന്നു. ആദ്യദിനം കളി നടന്നത് 35ഓവര്‍ മാത്രം. ഒരു പന്തുപോലും എറിയാതെ രണ്ടാംദിനവും കളി ഉപേക്ഷിച്ചു. മഴ മാറിയപ്പോള്‍ ഗ്രൗണ്ടിലെ വെള്ളക്കെട്ടും വില്ലനായി.മൂന്നാംദിനം തുടക്കത്തില്‍ പെയ്ത മഴ പിന്നീട് പിന്‍വാങ്ങി. എങ്കിലും ഈര്‍പ്പം കാരണം കളി ഉപേക്ഷിച്ചു. നാലാംദിനം മഴ മാറി വെയില്‍ തെളിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ തലക്കും ചൂടേറി. അതിവേഗ സ്കോറിങ്ങില്‍ ബാറ്റിങ് റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി പിറന്നു. 34 ഓവറിനുള്ളില്‍ 285 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു ഇന്ത്യന്‍ ടീം. അഞ്ചാംദിനം 3 ഓവറിനുള്ളില്‍ 3 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്നില്‍ ബംഗ്ലാദേശ് കറങ്ങി വീണു. ചെറിയ വിജയലക്ഷ്യം അതിവേഗം കീഴടക്കി ഇന്ത്യ ജേതാക്കളായി.
ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശീലമാകുകയാണ്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് ചരിത്രത്തിലെ അതിവേഗവിജയം സ്വന്തമാക്കിയ ഇന്ത്യയാണ് ഇപ്പോള്‍ മറ്റൊരു ഹ്രസ്വ വിജയം നേടിയിരിക്കുന്നത്. ജനുവരിയില്‍ കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ ഒന്നര ദിവസത്തിനുള്ളില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. 642 പന്തുകള്‍ക്കുള്ളില്‍ ജയം സ്വന്തമാക്കിയ ഇന്ത്യ കുറഞ്ഞ പന്തുകളിലെ വിജയത്തിന്റെ റെക്കോര്‍ഡാണ് അന്ന് സ്വന്തമാക്കിയത്. 1040 പന്തുകളാണ് കാന്‍പൂര്‍ ടെസ്റ്റിലുണ്ടായിരുന്നത്.