TOPICS COVERED

ചുമതല മാറാന്‍ തയ്യാറാവാത്തതോടെ സ്കൂള്‍ പ്രിന്‍സിപ്പലിനെ ബലം പ്രയോഗിച്ച് പുറത്താക്കി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ബിഷപ് ജോൺസൺ ഗേൾസ് സ്‌കൂളിലാണ് പ്രിന്‍സിപ്പലിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കി പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചത്..സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ഒരു സംഘം ആളുകൾ സ്കൂളിലേക്ക് വരുകയും പ്രിൻസിപ്പൽ പരുൾ ബൽദേവ് സോളമനെ ബലമായി പുറത്താക്കി പുതിയ പ്രിൻസിപ്പല്‍ ഷെർലി മസിഹിനെ നിയമിക്കുകയുമായിരുന്നു.

കസേരയില്‍ നിന്നും എണീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍‍സിപ്പല്‍ അതിനു കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് കസേര വലിച്ച് നീക്കി പ്രിന്‍സിപ്പലിനെ എണീപ്പിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണും പിടിച്ചു വാങ്ങി.തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ കസേരയിലിരുത്തുന്നതും എല്ലാവരും ചേര്‍ന്ന് കൈയ്യടിക്കുന്നതും വിഡിയോയില്‍ കാണാം.സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

ലഖ്നോ രൂപതയുടെ മാനേജ്‌മെൻ്റിനെ ചൊല്ലിയുള്ള തർക്കമാണ് ഈ സംഭവത്തിലേക്ക് നയിച്ചത്. അടുത്തിടെ മോറിസ് എഡ്ഗർ ഡാൻ ലഖ്നോ രൂപതയുടെ ബിഷപായി ചുമതലയേൽക്കുകയും സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും പരുൾ ബൽദേവ് സോളമനെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

 തുടർന്ന് പ്രിന്‍സിപ്പല്‍ പരുൾ സോളമൻ കേണൽഗഞ്ച് പൊലീസിൽ പരാതി നൽകി.ബിഷപ് മോറിസ് എഡ്ഗർ ഡാനും അദ്ദേഹത്തിന്‍റെ അനുയായികളും ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ പരാതിയിൽ ആരോപിച്ചു.

ENGLISH SUMMARY:

School principal forcibly removed from chair as replacement takes over