പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ജലവിതരണത്തെ ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും വെടിവയ്പ്പിലും നാലുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് തര്‍ക്കത്തിലേക്കും വെടിവയ്പ്പിലേക്കും നീണ്ടത്.
ഗുര്‍ദാസ്പുര്‍ ബടാലയിലാണ് ഇന്നലെ രാത്രി 13 പേരടങ്ങുന്ന രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ജലസേചന വകുപ്പിന്‍റെ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള ജലവിതരണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് വെടിവയ്പ്പിലേക്ക് നീങ്ങുകയുമായിരുന്നു. വിത്വാന്‍ ഗ്രാമത്തില്‍നിന്നുള്ള ഷംഷേര്‍ സിങ്, ബല്‍ജിത് സിങ്, ബല്‍രാജ് സിങ്, മൂര്‍ ഗ്രാമത്തിലെ നിര്‍മല്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരു വിഭാഗവും അറുപത് റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് വാഹനത്തിന് നേരെയും വെടിവയ്പ്പുണ്ടായി. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. അംഗ്റേജ് സിങ്, തര്‍സേം സിങ് എന്നീ രണ്ടു വ്യക്തികളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശത്രുതയാണ് വെടിവയ്പ്പിലേക്ക് നീങ്ങിയത്. മുഴുവന്‍ പ്രതികളേയും പിടികൂടാനായിട്ടില്ല.