ഡല്‍ഹിയില്‍ 10 മിനിറ്റിന്റെ ഇടവേളയില്‍ രണ്ടിടങ്ങളില്‍ വെടിവയ്പ്. കബീര്‍ നഗർ, ജ്യോതി നഗർ എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. കബീര്‍ നഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
രാജ്യതലസ്ഥാനത്തിന്റെ സമാധാനം കെടുത്തി വീണ്ടും അക്രമികളുടെ അഴിഞ്ഞാട്ടം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കബീര്‍ നഗറില്‍ വെല്‍കം പൊലീസ് സ്റ്റേഷന് പരിധിയിലാണ് പുലര്‍ച്ചെ ഒരുമണിക്ക് ആദ്യവെടിവയ്പ്പുണ്ടായത്. ബോബി എന്ന് വിളിക്കുന്ന നദീമിനെ മൂന്നംഗ സംഘം വെടിവച്ചുകൊന്നു. ഷാനവാസെന്ന നദീമിന്റെ സുഹൃത്തിനും പരുക്കേറ്റു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഷാനവാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് ഈസ്റ്റ് ഡിസിപി രാകേഷ് പവരിയ പറഞ്ഞു. ഈ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കബീര്‍ നഗറില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ജ്യോതി നഗറിലും മോഷ്ടിച്ച ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു വീടിനുനേരെ നിറയൊഴിച്ചത്.
ഈ കേസില്‍ രാഹുല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുനേരെ ഇയാള്‍ ആറ് റൗണ്ട് വെടിയുതിര്‍ത്തു. കബീര്‍ നഗറിലെയും ജ്യോതി നഗറിലെയും വെടിവയ്പ് സംഭവങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.